ശബരിമല സന്നിധാനത്തെ മേല്‍ശാന്തി പ്രാഥിമക പട്ടിക തയ്യാറായി. മേല്‍ശാന്തി നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും. തുലാമാസ പൂജകള്‍ക്കായി ശബരിമല നടഇന്ന് തുറക്കും,

തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കും ഇന്ന് പ്രത്യേക പൂജകള്‍ ഇല്ല. നാളെ രാവിലെ അഞ്ച് മണിക്ക് നടതുറന്നശേഷം നടക്കുന്ന ഗണപതിഹോമത്തോടെ തുലാമാസ പൂജകള്‍ക്ക് തുടക്കമാകും. തുടർന്ന് നടക്കുന്ന ഉഷപൂജയ്‍ക്കു ശേഷമായിരിക്കും മേല്‍ശാന്തി നറുക്കെടുപ്പിന് ഉള്ള ഒരുക്കങ്ങള്‍ സന്നിധാനത്തും മാളികപ്പുറത്തും തുടങ്ങുക. ഒക്ടോബർ മാസം മൂന്ന് നാല് തിയതികളില്‍ തിരുവതാംകൂർ ദേവസ്വംബോർഡ് നടത്തിയ പ്രത്യേക അഭിമുഖത്തിന് ശേഷമാണ് പ്രാഥമിക പട്ടിക തയ്യാറാക്കിയത്. 109 അപേക്ഷകരാണ് ഉണ്ടായിരുന്നത്.അഭിമുഖത്തിന് ശേഷം അറുപത് ശതമാനത്തില്‍ കൂടുതല്‍ മാർക്ക് നേടിയവരെയാണ് സന്നിധാനം മാളികപ്പുറം എന്നിവിടങ്ങളിലേക്കുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സന്നിധാനത്തേക്ക് 15പേരും മാളികപ്പുറത്തേക്ക് 11പേരുടെയുമടങ്ങുന്ന പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. ശബരിമല തന്ത്രി ദേവസ്വംബോർഡ് അധികൃതൃ ഹൈക്കോടതി പ്രത്യേക കമ്മിഷണർ എന്നിവരുടെ മേല്‍നോട്ടത്തിലാണ് നറുക്കെടുപ്പ് നടക്കുക. പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കുട്ടികളാണ് നറുക്ക് എടുക്കുക. പുതിയ മേല്‍ശാന്തിമാർ അടുത്തവൃശ്ചികം ഒന്നുമുതല്‍ ശബരിമല സന്നിധാനത്ത് പുറപ്പെടാശാന്തിമാരായി ചുമതല ഏല്‍ക്കും. കൊടിമര പ്രതിഷ്‍ഠയുടെ ഭാഗമായി ശബരിമല സന്നിധാനത്ത് അഷ്ടബന്ധ കലശം നടക്കുന്നതിനാല്‍ ഇരുപത് ഇരുപത്തി ഒന്ന് തിയതികളില്‍ നെയ്യഭിഷേകം ഉണ്ടായിരിക്കല്ല. തുലാമാസ പൂജകള്‍ കഴിഞ്ഞ് ഈമാസം ഇരുപത്തിഒന്നിന് രാത്രി ഹരിവരാസനം ചെല്ലി നട അടക്കും.