ശബരിമലയിൽ നിരോധനാജ്ഞ നീട്ടണമെന്ന് നേരത്തെ പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. ഇന്ന് അർധരാത്രി നിരോധനാജ്ഞ അവസാനിക്കാനിരിക്കെയാണ് കളക്ടറുടെ തീരുമാനം.
പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ നീട്ടാൻ ജില്ലാ കളക്ടർ തീരുമാനിച്ചു. ബുധനാഴ്ച അർധരാത്രി വരെയാണ് നിരോധനാജ്ഞ നീട്ടിയത്. നിരോധനാജ്ഞ നീട്ടണമെന്ന് നേരത്തേ പൊലീസ് ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ള നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കുകയായിരുന്നു.
നേരത്തേ ശബരിമലയിലെ നിരോധനാജ്ഞ ഭക്തർക്ക് തടസ്സമുണ്ടാക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. മണ്ഡല-മകരവിളക്ക് കാലത്ത് നട തുറന്നപ്പോൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഹൈക്കോടതി രൂക്ഷവിമർശനമുന്നയിക്കുകയും നീക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് നേരത്തേ നിരോധനാജ്ഞ നീട്ടിയത്.
അതേസമയം, സന്നിധാനത്ത് മഹാകാണിക്കക്ക് മുന്നിലെ പൊലീസ് വടം മാറ്റി. വടം നീക്കണമെന്ന ദേവസ്വം ബോർഡ് ആവശ്യപ്രകാരമാണ് നടപടി. എന്നാൽ വാവര് നടക്ക് മുന്നിലെ ബാരിക്കേഡ് മാറ്റിയിട്ടില്ല. പമ്പയിലും നിലയ്ക്കലും നിയന്ത്രണങ്ങളിൽ ചില ഇളവുകൾ നൽകിയിട്ടുണ്ട്.
ഇതിനിടെ ബി ജെ പി സംസ്ഥാന ഉപാധ്യാക്ഷൻ എസ് ശിവരാജന്‍റെ നേതൃത്വത്തിൽ നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ചു.
ഇന്ന് സന്നിധാനത്ത് വൻ ഭക്തജനത്തിരക്കാണ്. വെള്ളിയാഴ്ച 76000 തീർത്ഥാടകരാണ് മല ചവിട്ടിയത്. അവധി ദിവസങ്ങളായതിനാൽ കൂടുതൽ തീർത്ഥാടകരെത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഈ സീസണിൽ ഏറ്റവുമധികം തീർത്ഥാടകർ വന്നത്. 79190 പേരായിരുന്നു അന്ന് എത്തിയത്.
