Asianet News MalayalamAsianet News Malayalam

ശബരിമലയിലെ അക്രമങ്ങള്‍; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും

 സര്‍ക്കാര്‍ ഗ്യാലറികള്‍ക്ക് വേണ്ടി കളിക്കരുതെന്നും അക്രമസംഭവങ്ങളില്‍ പങ്കാളിത്തമുണ്ടെന്ന് ഉറപ്പിച്ച ശേഷമേ ആളുകളെ അറസ്റ്റ് ചെയ്യാവൂ എന്നും ഹൈക്കോടതി നിര്‍ദേശിച്ചു

sabarimala case in highcourt today
Author
Kochi, First Published Oct 30, 2018, 6:33 AM IST

കൊച്ചി: ശബരിമല അക്രമങ്ങളില്‍ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കഴിഞ്ഞ 17 മുതല്‍ 20 വരെ നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും നടന്ന അക്രമ സംഭവങ്ങളിലാണ് കൊല്ലം സ്വദേശിയായ രാജേന്ദ്രന്‍ അന്വേഷണം ആവശ്യപ്പെടുന്നത്.

രഹ്ന ഫാത്തിമ എത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഐജിമാരായ മനോജ് എബ്രഹാം, ശ്രീജിത്ത് എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. അതേസമയം, സംഘര്‍ഷങ്ങളില്‍ പൊലീസ് നടപടി കടുപ്പിച്ചതിന് പിന്നാലെ കൂട്ട അറസ്റ്റില്‍ കേരള ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു.  

അക്രമ സംഭവങ്ങളിൽ സംസ്ഥാനത്തു നടക്കുന്ന കൂട്ട അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ച് സമർപ്പിക്കപ്പെട്ട ഹര്‍ജി പരിഗണിച്ചാണ് അന്ന് ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടത്

സര്‍ക്കാര്‍ ഗ്യാലറികള്‍ക്ക് വേണ്ടി കളിക്കരുതെന്നും അക്രമസംഭവങ്ങളില്‍ പങ്കാളിത്തമുണ്ടെന്ന് ഉറപ്പിച്ച ശേഷമേ ആളുകളെ അറസ്റ്റ് ചെയ്യാവൂ എന്നും ഹൈക്കോടതി നിര്‍ദേശിച്ചു. തെറ്റു ചെയ്യാത്തവരെ അറസ്റ്റ് ചെയ്താൽ  വലിയ വില നൽകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

ശരിയായ ഭക്തർ മാത്രമാണോ ശബരിമലയിൽ എത്തിയതെന്ന് വിശദമായി അന്വേഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പത്തനംതിട്ട സ്വദേശികളായ സുരേഷ് കുമാർ, അനോജ് കുമാർ എന്നിവരാണ് കൂട്ട അറസ്റ്റിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ വിശദീകരണം കോടതി തേടിയിരുന്നു.  

Follow Us:
Download App:
  • android
  • ios