51 സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് വ്യാജമെന്ന് ബിജെപി. കേരളത്തിലെ വിശ്വാസി സമൂഹത്തോട് തോറ്റത്തിലുള്ള ജാള്യത മറക്കാനാണ് പിണറായി വിജയന്‍ സുപ്രീം കോടതിയില്‍ വ്യാജ സത്യവാങ്മൂലം നൽകിയതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള പത്രക്കുറിപ്പിൽ ആരോപിച്ചു.

തിരുവനന്തപുരം: 51 സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് വ്യാജമെന്ന് ബിജെപി. കേരളത്തിലെ വിശ്വാസി സമൂഹത്തോട് തോറ്റത്തിലുള്ള ജാള്യത മറക്കാനാണ് പിണറായി വിജയന്‍ സുപ്രീം കോടതിയില്‍ വ്യാജ സത്യവാങ്മൂലം നൽകിയതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള പത്രക്കുറിപ്പിൽ ആരോപിച്ചു.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് 51 സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്നാണ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. 

വെര്‍ച്വല്‍ ക്യൂവിന് വേണ്ടി സിപിഎം അണികള്‍ രജിസ്റ്റര്‍ ചെയ്യിപ്പിച്ച യുവതികളുടെ വിവരങ്ങളാണ് പിന്നറായി സര്‍ക്കാര്‍ സുപ്രീംകോടതി ചോദിക്കാതെ തന്നെ വലിഞ്ഞ് കയറി സത്യവാങ് മൂലം എന്ന പേരില്‍ നല്‍കിയത്. ശബരിമല ക്ഷേത്രത്തിലെ കാര്യങ്ങള്‍ നോക്കാന്‍ ഹൈക്കോടതി നിയോഗിച്ച ജില്ലാ ജഡ്ജി സ്‌പെഷല്‍ ഓഫീസറായി സ്ഥിരമായി സന്നിധാനത്തുണ്ട്. നിലവിലെ കാര്യങ്ങള്‍ പരിശോധിക്കാനും നിരീക്ഷിക്കാനും മൂന്നംഗ നിരീക്ഷണ സമിതിയുമുണ്ട്. 

ഇവര്‍ക്ക് ഒന്നും റിപ്പോര്‍ട്ട് നല്‍കാത്ത പിണറായി ഇത്തരത്തില്‍ സത്യവാങ്മൂലം നല്‍കിയത് പുനഃപരിശോധനാ ഹർജികളെ സ്വാധീനിക്കാനാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച് ഭക്തരുടെ മനസ്സിനെയും ക്ഷേത്രത്തെയും ഇല്ലാത്തക്കാന്‍ പിണറായി വിദേശത്ത് നിന്ന് വല്ല അച്ചാരവും വാങ്ങിയോ എന്ന് വ്യക്തമാക്കണമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

തീകൊളളി കൊണ്ട് തല ചൊറിയരുതെന്നും ശ്രീധരന്‍പിള്ള സംസ്ഥാന സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു. തന്‍റെ പിടിവാശി തീര്‍ക്കാന്‍ ഏത് അറ്റം വരെ പിണറായി വിജയന്‍ പോകുമെന്നതിന്‍റെ തെളിവാണ് വ്യാജ സത്യവാങ്മൂലമെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.