ശബരിമല കര്‍മ്മ സമിതി ഭാരവാഹികളില്‍നിന്ന് നഷ്ടം ഈടാക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.  

കൊച്ചി: ശബരിമല ഹർത്താലില്‍ സംസ്ഥാനത്ത് 990 കേസുകള്‍ റജിസ്റ്റര്‍ ചെയ്തുവെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട്. ഹര്‍ത്താലില്‍ വിവിധ കേസുകളിലായി 32,270 പേരെ പ്രതികളാക്കി. വിവിധ സ്ഥലങ്ങളിൽ ഉണ്ടായ അക്രമങ്ങളിൽ 150 പൊലീസുകാർക്ക് പരിക്കേറ്റു. 141 സാധാരണക്കാർക്കും 11 സർക്കാർ ഉദ്യോഗസ്ഥർക്കും പരിക്ക് പറ്റി. 

പ്രാഥമികമായി 38.52 ലക്ഷം രൂപയുടെ പൊതുമുതൽ നശിച്ചു. 6.45 ലക്ഷം രൂപയുടെ സ്വകാര്യ വസ്തുക്കള്‍ക്ക് നാശമുണ്ടായി. മൂന്നു കോടിയിലേറെ രൂപയുടെ നഷ്ടം കെഎസ്ആർടിസിക്ക് മാത്രമുണ്ടായെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. 

ശബരിമല കർമസമിതി ഭാരവാഹികളായ ടി പി സെൻകുമാർ, കെ എസ് രാധാകൃഷ്ണൻ തുടങ്ങിയവരിൽ നിന്ന് നഷ്ടം ഈടാക്കണം. ശബരിമല യുവതി പ്രവേശനത്തെ തുടർന്നുള്ള ഹർത്താലിൽ വ്യാപക അക്രമം ഉണ്ടായെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സർക്കാർ
 ഹൈക്കോടതിക്ക് കൈമാറി.