പത്തനംതിട്ട: ശബരിമല സന്നിധാനത്തെ വരുമാനം നൂറ് കോടി കഴിഞ്ഞു. അരവണ വിതരണ ഇനത്തിലാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത്. മണ്ഡലകാലം തുടങ്ങി മുപ്പത് ദിവസം പിന്നിട്ടപ്പോഴാണ് സന്നിധാനത്തെ വരുമാനം നൂറ് കോടി കഴിഞ്ഞത്. 107കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് വരുമാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പതിനാല് കോടിരൂപയുടെ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്.

അരവണ വിറ്റ് വരവ് ഇനത്തിലാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത്. 47 കോടി രൂപ. കാണിക്ക ഇനത്തില്‍ മുപ്പത്തിയഞ്ച് കോടി രൂപയും ലഭിച്ചു. പമ്പ ഉള്‍പ്പടെയുള്ള ക്ഷേത്രങ്ങളിലെ വരുമാനം ഇതില്‍ ഉള്‍പ്പടുന്നില്ല. മണ്ഡലകാലത്തോട് അനുബന്ധിച്ചുള്ള പമ്പാസംഗമം ജനുവരി ഏട്ടിന് കേരളാഗവര്‍ണര്‍ പിസദാശിവം ഉദ്ഘാടനം ചെയ്യും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരും സമ്മേളനത്തില്‍ പങ്കെടുക്കും..

ദേവസ്വംബോര്‍ഡ് നടത്തിവരുന്ന അന്നദാനം കൂടുതല്‍ വിപുലമാക്കുന്നതിന് മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇതുവരെ സന്നിധാനത്തെ അന്നദാന മണ്ഡപത്തില്‍ നിന്നും ഏഴുലക്ഷം പേര്‍ അന്നാദാനത്തില്‍ പങ്കെടുത്തു. ദിനംപ്രതി അന്നദാന ഫണ്ടിലേക്ക് ശരാശരി ഒരുലക്ഷം രൂപവരെയാണ് ലഭിക്കുന്നത്. അടുത്തവര്‍ഷം ഒരേസമയം അയ്യായിരം പേര്‍ക്ക് ഭക്ഷണം നല്‍കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുമെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.