ദില്ലി: ശബരിമല വിഷയത്തിൽ പാർലമെൻറിന്‍റെ ഇരുസഭകളും പ്രക്ഷുബ്ധമായി. നിയമനിർമ്മാണം കോൺഗ്രസ് ആവശ്യപ്പെട്ടപ്പോൾ, അക്രമം ചൂണ്ടിക്കാട്ടി സിപിഎം തിരിച്ചടിച്ചു. സുപ്രീംകോടതിക്കെതിരെ രൂക്ഷവിമർശനമുയർത്തിയ ബിജെപി അംഗം മീനാക്ഷി ലേഖി കേരള സർക്കാരിന്‍റേത് ഹിന്ദുവിരുദ്ധ നിലപാടെന്നാരോപിച്ചു. 

ശബരിമല വിഷയത്തില്‍ ഇടപ്പെടാന്‍ സുപ്രീംകോടതിക്ക് അവകാശമില്ലെന്നാണ് ബിജെപി നേതാവ് മീനാക്ഷി ലേഖി സഭയില്‍ പറഞ്ഞു. മതപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അവകാശമില്ല. മതപരമായ ഇത്തരം കാര്യങ്ങളില്‍ ഭരണഘടന ഒരു പരിരക്ഷ നല്‍കുന്നുണ്ട്. ഈ പരിരക്ഷയുടെ പരിധിയില്‍ വരുന്ന കാര്യമാണ് ശബരിമലയിലെ ആചാരം.

ഇതില്‍ സുപ്രീംകോടതി ഇടപെടാന്‍ പാടില്ല. 41 ദിവസത്തെ വ്രതം എടുക്കാനുളള അനുഷ്ടാനം ശബരിമലയില്‍ ഉണ്ട്. 41 ദിവസത്തെ വ്രതം വെട്ടി കുറയ്ക്കാന്‍ ഏതെങ്കിലും കോടതിക്ക് അവകാശമുണ്ടോ? അത്തരം വിഷയങ്ങള്‍ എല്ലാം ശബരിമലയില്‍ ഉണ്ട് എന്നും മീനാക്ഷി ലേഖി പറഞ്ഞു. 

ശബരിമല വിഷയത്തിൽ പാർലമെനൻറ് വളപ്പിൽ ചേരിതിരിഞ്ഞുള്ള പ്രതിഷേധത്തിനു ശേഷമാണ് എംപിമാർ ഇരുസഭകളിലും എത്തിയത്. ഇടതുപക്ഷ എംപിമാർ സംഘപരിവാർ അക്രമം എന്നാരോപിച്ച് മുദ്രാവാക്യം വിളിച്ചു. 

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണം, ശബരിമലയെ സംരക്ഷിക്കുക തുടങ്ങിയ പ്ളക്കാർഡുകളുമായി ബിജെപി എംപിമാരും അണിനിരന്നു. മലയാളികളായ എംപിമാർക്കൊപ്പം കർണ്ണാടകത്തിലെ എംപിമാരും പ്രതിഷേധത്തിൽ പങ്കു ചേർന്നു,  പിന്നീട് ശൂന്യവേളയിൽ കെസി വേണുഗോപാലാണ് വിഷയം ഉന്നയിച്ചത്. ശബരിമല വിഷയത്തില്‍ നിയമനിർമ്മാണം വേണമെന്ന് അദ്ദേഹം  ആവശ്യപ്പെട്ടു.

കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാടെന്തെന്ന് ചോദിച്ച് സിപിഎം നേതാവ് പി കരുണാകരൻ തിരിച്ചടിച്ചു.  ബിജെപി എംപി മീനാക്ഷി ലേഖി സിപിഎം അക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടെന്നും നാലു വിശ്വാസികൾ ആത്മഹത്യ ചെയ്തെന്നും സഭയിൽ പറഞ്ഞു. അതേസമയം രാജ്യസഭയിൽ വിഷയം ഉന്നയിക്കാൻ അനുവാദം നല്കാത്തതിനെ തുടർന്ന് ഇടതു എംപിമാർ ഇറങ്ങിപ്പോയി.