Asianet News MalayalamAsianet News Malayalam

ശബരിമല: സ്ത്രീപ്രവേശനത്തിനെതിരായ സമരത്തിൽ കുട്ടികളെ ഉപയോഗിക്കുന്നതിന് എതിരെ ബാലാവകാശ കമ്മീഷന് പരാതി

ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിനെതിരായ പ്രതിഷേധങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് എതിരെ  സാമൂഹ്യപ്രവർത്തക ജെ.ദേവിക സംസ്ഥാന ബാലാവകാശ കമ്മീഷന് പരാതി നൽകി. നിയമവിരുദ്ധമായ സമരത്തിന് കുട്ടികളെ കവചമായി ഉപയോഗിക്കുകയാണെന്ന് ചൂണ്ടികാട്ടിയാണ് പരാതി.

 

sabarimala j devika against protest
Author
Thiruvananthapuram, First Published Oct 20, 2018, 12:33 PM IST

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിനെതിരായ പ്രതിഷേധങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് എതിരെ സാമൂഹ്യപ്രവർത്തകയും അധ്യാപികയുമായ ജെ.ദേവിക സംസ്ഥാന ബാലാവകാശ കമ്മീഷന് പരാതി നൽകി. നിയമവിരുദ്ധമായ സമരത്തിന് കുട്ടികളെ കവചമായി ഉപയോഗിക്കുകയാണ് എന്ന് പരാതിയിൽ പറയുന്നു. 

സംഘർഷം ഉണ്ടായാൽ കുട്ടികൾക്ക് പരിക്കേൽക്കും എന്ന് ഭീഷണിപ്പെടുത്തി സമരത്തിന്‍റെ മുൻനിരയിൽ കുട്ടികളെ നിർത്തുകയാണ് സമരക്കാർ ചെയ്യുന്നത്. മുൻനിരയിൽ നിർത്തുന്ന കുട്ടികളുടെ സുരക്ഷയെ കരുതി സുപ്രീം കോടതി ഉത്തരവ് പ്രകാരം ശബരിമല ദർശനത്തിന് എത്തുന്ന സ്ത്രീകൾക്ക് തിരിച്ചുപോരേണ്ടിവരികയാണ്. സന്നിധാനത്തുനിന്നുള്ള മാധ്യമ റിപ്പോർട്ടുകളിലും വീഡിയോ ദൃശ്യങ്ങളിലും ഈ ബാലാവകാശനിഷേധം വ്യക്തമാണെന്നും ജെ.ദേവിക പരാതിയിൽ പറയുന്നു.

ആന്ധ്രപ്രദേശ് സ്വദേശിയായ മാധവി എന്ന തീർത്ഥാടകയെ പ്രതിഷേധക്കാർ ശബരിമല ചവിട്ടുന്നതിൽനിന്ന് തടഞ്ഞിരുന്നു. മാധവിക്കൊപ്പം ഉണ്ടായിരുന്ന കുട്ടികളേയും പ്രതിഷേധക്കാർ തടഞ്ഞുവച്ച് ഭയപ്പെടുത്തി. പുരുഷാരം തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തുമ്പോൾ പേടിച്ചുകരയുന്ന ആ കുട്ടികളുടെ ദൃശ്യങ്ങൾ ഹൃദയഭേദകമാണ്. വർഷങ്ങൾക്കുമുമ്പ് കണ്ണൂർ സ്വദേശിയായ ജസീറ എന്ന സ്ത്രീ സെക്രട്ടേറിയറ്റിന് മുന്നിൽ മണൽക്കടത്തുകാർക്ക് എതിരെ നടത്തിയ സമരത്തിൽ കുട്ടികളെ ഉപയോഗിച്ചത് ചൈൽഡ് ലൈൻ ഇടപെട്ട് തടഞ്ഞിരുന്നു. സമാനമായ സാഹചര്യമായി കണക്കാക്കി വിഷയത്തിൽ ബാലാവകാശ കമ്മീഷൻ ഇടപെടണമെന്ന് ജെ.ദേവിക ആവശ്യപ്പെട്ടു. ഇപ്പോഴത്തെ സാഹചര്യം അതിലും മോശമാണെന്നും സമരങ്ങളിൽ കുട്ടികളെ കവചമായും വിലപേശൽ വസ്തുക്കളായും ഉപയോഗിക്കുന്നത് അവരുടെ ശരീരസുരക്ഷയേയും മാനസികാരോഗ്യത്തെ സാരമായി ബാധിക്കുമെന്നും ജെ.ദേവിക പരാതിയിൽ ചൂണ്ടിക്കാട്ടി.

സമരത്തിൽ കുട്ടികളെ ഉപയോഗിക്കുന്നർക്കെതിരെ നടപടി വേണമെന്നും സമാന സാഹചര്യങ്ങൾ ഒഴിവാക്കാൻ ഈ തീർത്ഥാടനകാലത്ത് ശബരിമലയിലേക്ക് കുട്ടികളെ കൊണ്ടുവരുന്നത് തടയണമെന്നും ജെ.ദേവിക ആവശ്യപ്പെട്ടു.
 

Follow Us:
Download App:
  • android
  • ios