പാലക്കാട്: ഹർത്താലിന്‍റെ മറവിൽ അക്രമികൾ പാലക്കാട് വ്യാപക ആക്രമണം നടത്തി. സിപിഐ ജില്ലാക്കമ്മിറ്റി ഓഫീസ് ബിജെപി, ശബരിമല കർമ്മസമിതി പ്രവർത്തകർ അടിച്ചുതകർത്തു. ഓഫീസിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും അക്രമികൾ തകർത്തു. വിക്ടോറിയ കോളേജിന് മുന്നിൽ സംഘടിച്ച ബിജെപി, ആർഎസ്എസ് പ്രവർത്തകർ ഓഫീസ് ആക്രമിക്കുകയായിരുന്നു.

ഹ‍ർത്താലിന്‍റെ ഭാഗമായി നഗരത്തിൽ പ്രകടനം നടത്തി മടങ്ങിയ പ്രവർത്തകർ തിരിച്ചെത്തിയാണ് ആക്രമണം അഴിച്ചുവിട്ടത്. വഴിയോരത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ അടിച്ചുതകർത്ത ശേഷം സിപിഐ ജില്ലാക്കമ്മിറ്റി ഓഫീസായ പി ബാലചന്ദ്രമേനോൻ സ്മാരകത്തിന് നേരെ ഹർത്താൽ അനുകൂലികൾ രൂക്ഷമായ കല്ലേറ് തുടങ്ങി. തുട‍ർന്ന് ഓഫീസ് വളപ്പിലേക്ക് ഇരച്ചുകയറിയ അക്രമികൾ ജനാല ചില്ലുകളും ഓഫീസിന് മുന്നിലുണ്ടായിരുന്ന നാല് വാഹനങ്ങളും തല്ലിത്തകർത്തു. പാർട്ടി ഓഫീസിന് മുന്നിലുള്ള കൊടിമരവും ഇവ‍ർ നശിപ്പിച്ചു.

ആക്രമണം നേരിടാൻ വേണ്ടത്ര പൊലീസ് സുരക്ഷ ഇവിടെയില്ലായിരുന്നു. കൂടുതൽ പൊലീസ് എത്തുന്നത് വരെ സിപിഐ ജില്ലാക്കമ്മിറ്റി ഓഫീസ് വളപ്പിൽ കണ്ണിൽക്കണ്ടതെല്ലാം അക്രമികൾ അടിച്ചുതകർത്തു. തുടർന്ന് ഇവരെ പൊലീസ് ലാത്തിവീശി ഓടിച്ചു. ഹർത്താൽ അനുകൂലികളുടെ വ്യാപകമായ ആക്രമണം നടക്കുന്ന സാഹചര്യത്തിൽ തൊട്ടടുത്തുള്ള സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിനുള്ള സുരക്ഷ പൊലീസ് വർദ്ധിപ്പിച്ചു.