അടൂർ: സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ബിജെപി, ശബരിമല കർമ്മസമിതി പ്രവ‍ർത്തകരുടെ ആക്രമണം ഉണ്ടായത്. ഓഫിസിന് നേരെ ഇവർ കല്ലും കുപ്പികളും വലിച്ചെറിഞ്ഞു. ഓഫീസിന് സമീപം പാർക്ക് ചെയ്തിരുന്ന സിപിഎം പാലിയേറ്റിവ് കെയർ യൂണിറ്റായ മദർ തെരേസ പാലിയേറ്റീവ് സൊസൈറ്റിയുടെ അംബുലൻസ് പൂ‍ർണ്ണമായി അടിച്ചുതകർത്തു.

ഉച്ചയ്ക്ക് മുമ്പ് അടൂർ നഗരത്തിൽ ഹർത്താൽ അനുകൂലികളും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ ചേരിതിരിഞ്ഞ് കല്ലേറുണ്ടായിരുന്നു. കല്ലേറിൽ അടൂർ ഡിവൈഎസ്പിയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. ഇതിന് ശേഷം പിരിഞ്ഞുപോയ ഹർത്താൽ അനുകൂലികളാണ് സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് ആക്രമിച്ചത്. ബിജെപി, ശബരിമല കർമ്മസമിതി പ്രവർത്തകർ നഗരത്തിന്‍റെ പല ഭാഗങ്ങളിലായി സംഘടിച്ച് നിൽക്കുകയാണ്. കൂടുതൽ അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ അടൂരിൽ ശക്തമായ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.