Asianet News MalayalamAsianet News Malayalam

ശബരിമലയില്‍ സംഘര്‍ഷ സാധ്യതയെന്ന് റിപ്പോര്‍ട്ട്: സന്നിധാനത്ത് വനിതാ പൊലീസ്

ശബരിമലയിൽ കനത്ത സുരക്ഷ. നിരോധനാജ്ഞ നിലവിൽ വന്നു. ചിത്തിര ആട്ട വിശേഷത്തിന് നാളെ നടതുറക്കും. സ്ത്രീകളെ അണിനിരത്തി പ്രശ്നമുണ്ടാക്കാൻ നീക്കമെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. 50 വയസ്സ് കഴിഞ്ഞ 30 വനിത പൊലീസുകാരെ ആവശ്യമെങ്കിൽ സന്നിധാനത്ത് നിയോഗിക്കും. 

sabarimala security in more police
Author
Pathanamthitta, First Published Nov 4, 2018, 7:41 AM IST

സന്നിധാനം: ശബരിമലയില്‍ സ്ത്രീകളെ അണിനിരത്തി പ്രതിഷേധം ശക്തമാകാനിടയുണ്ടെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഈ സാഹചര്യത്തില്‍, ആവശ്യമെങ്കില്‍ സന്നിധാനത്ത് വനിതാ പൊലീസിനെ വിന്യസിക്കുമെന്നാണ് പൊലീസിന്‍റെ തീരുമാനം. ചിത്തിര ആട്ടവിശേഷത്തിന് തിങ്കളാഴ്ച നട തുറക്കാനിരിക്കേ ശബരിമലയില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സ്ത്രീ പ്രവേശനത്തിനെതിരെ സ്ത്രീകളെ അണിനിരത്തി പ്രശ്നമുണ്ടാക്കാന്‍ ബിജെപി ആര്‍എസ്എസ് ശ്രമം നടക്കുന്നുവെന്നാണ് രഹസ്യാന്വേഷണ ഏ‍ജൻസികൾ റിപ്പോർട്ട് നല്‍കിയത്. സന്നിധാനത്ത് 50 വയസ്സ് കഴിഞ്ഞ 30 വനിതാ പൊലീസുകാരെ നിയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എസ്ഐ,സിഎ റാങ്കിലുള്ള വനിതാ പൊലീസുകാരെയാണ് നിയോഗിക്കുക. നിരോധനാജ്ഞ നിലവിൽ വന്ന ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങള്‍ പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാണ്. സുരക്ഷയുടെ ഭാഗമായി ഇലവുങ്കലില്‍ മധ്യമപ്രവര്‍ത്തകരെ തടഞ്ഞു.  നിലയ്ക്കല്‍ ബേസ് ക്യാമ്പ് വരെ പ്രവേശനമെന്നാണ് അറിയിച്ചിരുന്നത്. 

Read more: ശബരിമലയിൽ കനത്ത സുരക്ഷ; നിരോധനാജ്ഞ പ്രാബല്യത്തില്‍

എഡിജിപിയുടെ നേതൃത്വത്തിൽ 1200 ഓളം സുരക്ഷാംഗങ്ങളെയാണ് ശബരിമലയില്‍ സുരക്ഷാ ചുമതലക്കായി നിയോഗിച്ചിരിക്കുന്നത്. യുവതി പ്രവേശനം തടയാന്‍ ഏതെങ്കിലും തരത്തിലുള്ള ശ്രമം ഉണ്ടായിട്ടുണ്ടെങ്കില്‍ മുന്‍ കരുതലായി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.  തീർത്ഥാടകർ തിരിച്ചറിയൽ രേഖകൾ സൂക്ഷിക്കണമെന്ന് പൊലീസ് അറിയിച്ചു. ഇരുമുടിക്കെട്ട് ഇല്ലാത്ത തീര്‍ത്ഥാടകരെ കടത്തിവിടില്ലെന്നാണ് പൊലീസിന്‍റെ നിലപാട്. രേഖകൾ പരിശോധിച്ച ശേഷമേ തീർത്ഥാടകരെ കടത്തിവിടൂ എന്നാണ് പൊലീസ് നിലപാട്. മാധ്യമ പ്രവർത്തകർക്കും അഞ്ചാം തിയ്യതി മാത്രമേ പമ്പയിലേക്കും സന്നിധാനത്തേക്കും പ്രവേശനം അനുവദിക്കൂ. 

Follow Us:
Download App:
  • android
  • ios