പത്തനംതിട്ട: മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്തേക്ക് വന്ന തിരുവാഭരണഘോഷയാത്രക്ക് തടസ്സം ഉണ്ടായ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് പന്തളം കൊട്ടാരം നിര്‍വ്വാഹകസമിതി. അനാസ്ഥകാണിച്ചവര്‍ക്ക് എതിരെ നടപടിവേണമെന്നും നിര്‍വാഹകസമിതി ആവശ്യപ്പെടുന്നു.
സന്നിധാനത്തേക്കുള്ള യാത്രയ്ക്കിടെ വലിയ നടപ്പന്തലില്‍ പതിനഞ്ച് മിനിറ്റോളം യാത്ര തടസപ്പെട്ടിരുന്നു. ഇത് വലിയ വീഴ്ചയാണന്നാണ് കൊട്ടാരം നിര്‍വ്വാഹകസമിതി പറയുന്നത്. തീര്‍ത്ഥാടകരെ നിയന്ത്രിക്കുന്ന കാര്യത്തില്‍ പൊലീസിന് വീഴ്ചപറ്റിയെന്നും ഇവര്‍ ആരോപിക്കുന്നു. ഇതിന് കാരണക്കാരായ ഉദ്യഗസ്ഥര്‍ക്ക് എതിരെ നടപടി വേണമെന്നാണ് നിര്‍വ്വാഹകസമിതിയുടെ ആവശ്യം. നേരത്തെ ഇതിന് സമാനമായ സംഭവം മാളികപ്പുറത്തും സംഭവിച്ചു. ഒരു നടപടിയും ഉണ്ടായില്ല. തിരുവാഭരണങ്ങള്‍ തിരിച്ച് എത്തിയതിന് ശേഷം നിര്‍വ്വാഹകസമിതി യോഗം ചേര്‍ന്ന് അടുത്തനടപടികളെ കുറിച്ച് ആലോചിക്കും
അതേസമയം തിരുവാഭരണഘോഷയാത്രയ്ക്ക് വഴിയൊരുക്കുന്നതില്‍ പൊലീസിന് വീഴ്ച്ച പറ്റിയെന്ന റിപ്പോര്‍ട്ട് രഹസ്യഅന്വേഷണവിഭാഗം സര്‍ക്കാരിന് കൈമാറികഴിഞ്ഞു. തിരുവാഭരണത്തിന് ഒപ്പം എത്തിയവരാണ് ഘോഷയാത്രതടസ്സപ്പെടുത്തിയതെന്ന നിലപാടിലാണ് പൊലീസ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടും തയ്യാറാക്കി കഴിഞ്ഞു.തിരുവതാംകൂര്‍ ദേവസ്വംബോര്‍ഡും ഇതേ നിലപാടിലാണെന്നാണ് വിവരം.
