പത്തനംതിട്ട: ശബരിമലയില്‍ ട്രാക്ടര്‍ തൊഴിലാളികള്‍ നടത്തിവന്ന ചട്ടപടി സമരം പിന്‍വലിച്ചു. തിരക്ക് കണക്കിലെടുത്ത് മാത്രമെ നിയന്ത്രണം ഏര്‍പ്പെടുത്തുകയുള്ളു എന്ന 
ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. നിലവില്‍ ട്രാക്ടറുകള്‍ക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണത്തിന് ഇളവ് വരുത്തുന്നതിന് കോടതിയെ സമിപിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. ഇന്നലെ അര്‍ധരാത്രി മുതലാണ് ട്രാക്ടര്‍ തൊഴിലാളികള്‍ ചട്ടപടിസമരം തുടങ്ങിയത്.

ദേവസ്വംബോര്‍ഡ് അധികൃതരും ട്രാക്ടര്‍ ഉടമകളും തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. ശബരിമലയിലെ വിവിധ ആവശ്യങ്ങള്‍ക്കായി ദിവസം 50000 കിലോ ശർക്കരയാണ് വേണ്ടത് 40000കിലോ അരവണക്കും ഉണ്ണിഅപ്പ നിർമ്മാണത്തിനുമായി ഇത് എത്തിക്കുന്നത് ട്രാക്ടറുകള്‍ വഴിയാണ്. നിയന്ത്രണം വന്നതോടെ ഇത്രയും ശർക്കര എത്തിക്കാൻ കഴിയുന്നില്ലെന്ന് ദേവസ്വം ബോര്‍ഡ് നേരത്തേ വ്യക്തമാക്കിയിരുന്നു.