Asianet News MalayalamAsianet News Malayalam

യുവതി പ്രവേശനത്തില്‍ ബിജെപിയുടെ വ്യാപക പ്രതിഷേധം; ഭീഷണിപ്പെടുത്തി കടകള്‍ പൂട്ടിച്ചു, അക്രമം

ശബരിമലയില്‍ ഇന്ന് പുലര്‍ച്ചെ സ്ത്രീകള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ബിജെപിയുടെ നേതൃത്വത്തില്‍ ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കടകളടപ്പിച്ച് പ്രതിഷേധിക്കുകയാണ്. 

sabarimala women entry bjp reaction
Author
Sabarimala, First Published Jan 2, 2019, 12:45 PM IST

തിരുവനന്തപുരം: ശബരിമലയില്‍ ഇന്ന് പുലര്‍ച്ചെ സ്ത്രീകള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ബിജെപിയുടെ നേതൃത്വത്തില്‍ ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കടകളടപ്പിച്ച് പ്രതിഷേധിക്കുകയാണ്. പലയിടത്തും നിര്‍ബന്ധപൂര്‍വ്വമാണ് കടകള്‍ അടപ്പിക്കുന്നതെന്ന പരാതിയും ഉയരുന്നുണ്ട്. 

ശബരിമല കർമ്മസമിതി പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ മനോരമ ഫോട്ടോഗ്രാഫർ വിഷ്ണു വി. സനലിന് നേരെ കയ്യേറ്റമുണ്ടായി. ക്യാമറ പിടിച്ചുവലിച്ചു ലെൻസ് വലിച്ചെറിഞ്ഞു. വിഷ്ണുവിനെ പിടിച്ചു തള്ളുകയും ചെയ്തു. കൊല്ലം നഗരത്തിൽ രാമൻകുളങ്ങരയിൽ നിന്നു പ്രകടനമായി എത്തിയ കർമ്മസമിതി പ്രവർത്തകർ സ്വകാര്യ ബസിൽ യാത്ര ചെയ്ത ഒരാളെ ബസിൽ കയറി തല്ലുന്നതിന്റെ ചിത്രമെടുക്കുന്നതിനിടെയായിരുന്നു അക്രമം.

തിരുവനന്തപുരം സെക്രട്ടേറിയേറ്റ് ലക്ഷ്യമാക്കി നീങ്ങിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. ഇവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധ പ്രകടനം നടത്തിയവര്‍ വരുന്ന വഴിയില്‍ വനിതാ മതിലിനായി വച്ചിരുന്ന ബാനറുകളും മറ്റ് തോരണങ്ങളും നശിപ്പിച്ചു കൊണ്ടാണ് സെക്രട്ടേറിയേറ്റിലേക്ക് വന്നത്.

നെയ്യാറ്റിൻക്കരയിൽ ആലുംമുട്ടിൽ റോഡ് ഉപരോധം നടന്നു. കർമസമിതി പ്രവർത്തകരും ബിജെപി പ്രവർത്തകരുമാണ് റോഡ് ഉപരോധിച്ചത്.  കൊച്ചി കലൂരിലും പ്രതിഷേധപ്രകടനം നടക്കുകയാണ്. കലൂർ മുതൽ കച്ചേരിപ്പടി വരെയാണ് പ്രതിഷേധ പ്രകടനം. കോഴഞ്ചേരി, മുല്ലപ്പള്ളി എന്നിവിടങ്ങളിലും ബിജെപി പ്രവർത്തകർ റോഡ് ഉപരോധിക്കുകയാണ്. കൊല്ലം പരവൂരിൽ ബിജെപി പ്രവർത്തകർ നിർബിന്ധിച്ച് കടകൾ അടപ്പിച്ച് ഹർത്താലിന് ആഹ്വാനം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. 

എന്നാല്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് ശേഷം നട അടച്ച് ശുദ്ധികലശം നടത്തിയതിന് ശേഷം നട തുറന്നു. മറ്റ് പ്രശ്നങ്ങളൊന്നുമില്ലാതെ തന്നെ ദര്‍ശനം സുഖമമായി നടക്കുകയാണ്. ഇടയ്ക്ക് തിരക്ക് കുറഞ്ഞിരുന്നെങ്കിലും ദര്‍ശനത്തിനായെത്തുന്ന ഭക്തരുടെ വരവ് കൃത്യമായി നടക്കുന്നുണ്ട്. ഇന്ന് സാമാന്യം നല്ല തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. 

ഇതിനിടെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയും ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെയും പ്രതിഷേധം ഉയര്‍ന്നു. മലബാർ ദേവസ്വം ബോർഡ് ഭരണ സമിതിയുടെ സത്യപ്രതിജ്ഞക്ക് ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രത്തിൽ എത്തിയ കടകംപള്ളി സുരേന്ദ്രനു നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ ജീപ്പ് തടയാൻ എൽ ഡി എഫ് പ്രവർത്തകർ ശ്രമിച്ചതും കുറച്ചു നേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു.

ഇരിട്ടിയിൽ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെയും പ്രതിഷേധം ഉയര്‍ന്നു. ശൈലജക്ക് നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി വീശി പ്രതിഷേധിക്കുകയായിരുന്നു. താലൂക്കാശുപത്രിയിലെ ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.  
 

Follow Us:
Download App:
  • android
  • ios