മഞ്ഞസാരിയുടുത്ത് നില്‍ക്കുന്ന സ്ത്രീകളുടെ ചിത്രമാണ് പ്രചരിക്കുന്നത്. ചിത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന സ്ത്രീകളില്‍ ഒരാള്‍ രണ്ട് വര്‍ഷം മുമ്പ് മരിച്ച തന്റെ അമ്മയാണെന്ന് ബാബു പി.എസ് എന്ന വ്യക്തി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. 

കോഴിക്കോട്: ശബരിമല കോടതിവിധിയ്‌ക്കെതിരായി നടക്കുന്ന പ്രതിഷേധം എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഒരു പ്രചരണം കൂടി പൊളിഞ്ഞു. സ്ത്രീപ്രവേശനത്തിനെതിരെ ചില സംഘടനകള്‍ നടത്തുന്ന നാമജപയാത്രയില്‍ പങ്കെടുത്തുവെന്ന പേരില്‍ രണ്ടുവര്‍ഷം മുമ്പ് മരിച്ച ഒരു സ്ത്രീ അടങ്ങുന്ന ചിത്രം പ്രചരിച്ചതാണ് പൊളിഞ്ഞത്. എന്നാല്‍ ചിത്രത്തിന്റെ യാഥാര്‍ത്ഥ്യം തുറന്നു പറഞ്ഞ് ഇവരുടെ മകന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ രംഗത്ത് എത്തി.

മഞ്ഞസാരിയുടുത്ത് നില്‍ക്കുന്ന സ്ത്രീകളുടെ ചിത്രമാണ് പ്രചരിക്കുന്നത്. ചിത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന സ്ത്രീകളില്‍ ഒരാള്‍ രണ്ട് വര്‍ഷം മുമ്പ് മരിച്ച തന്റെ അമ്മയാണെന്ന് ബാബു പി.എസ് എന്ന വ്യക്തി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. രണ്ടു വര്‍ഷം മുമ്പ് മരിച്ചു പോയതാണ് തന്റെ അമ്മയെന്നും പിന്നെ എപ്പോഴാണ് നാമജപ ഘോഷ യാത്രയ്ക്ക് പോയതെന്നും ചിത്രം പോസ്റ്റ് ചെയ്തവനെ ഊളംപാറയ്ക്ക് കൊണ്ടു പോകണമെന്നും ബാബു ഫേസബുക്കില്‍ പറഞ്ഞു.

‘വെള്ളാപ്പള്ളിയെ തള്ളി ഈഴവ സമുദായം അയ്യപ്പസ്വാമിയുടെ നാമജപ ഘോഷയാത്രയില്‍ അണിചേര്‍ന്ന് കഴിഞ്ഞു. ഞങ്ങള്‍ക്ക് വലുത് അയ്യപ്പ സ്വാമിയെന്ന് ശ്രീനാരയണീയര്‍’ എന്ന ക്യാപ്ഷനോടെ വെള്ളാപ്പള്ളിയുടെ നിലപാടിനെതിരെ ഈഴവ സമുദായം സമരത്തിനിറങ്ങി എന്ന് സ്ഥാപിക്കാനായി ശംഖൊലി എന്ന ഫേസ്ബുക്ക് പേജാണ് ചിത്രം പ്രചരിപ്പിച്ചത്.