ശബരിമലയിൽ കയറിയ യുവതികളുടെ പട്ടികയിൽ വ്യാപകമായ തെറ്റുകളുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പടെ റിപ്പോർട്ട് ചെയ്തതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി.
തിരുവനന്തപുരം: ശബരിമലയിൽ കയറിയെന്ന് അവകാശപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ യുവതികളുടെ പട്ടിക അബദ്ധപഞ്ചാംഗമായതിൽ പരസ്പരം പഴിചാരി വകുപ്പുകൾ. കോടതിയിൽ നേരിട്ട് നൽകാനല്ല ലിസ്റ്റ് കൊടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. ബിന്ദുവും കനക ദുർഗയും അല്ലാതെ മറ്റാരെങ്കിലും കയറിയോ എന്ന ചോദ്യം കോടതി ഉന്നയിച്ചാൽ മാത്രം നൽകാനായിരുന്നു പട്ടിക. വെർച്വൽ ക്യൂവിൽ രെജിസ്റ്റർ ചെയ്തവർ നൽകിയ വിവരങ്ങൾ എന്ന് വ്യക്തമാക്കിയാണ് പട്ടിക നൽകിയതെന്നും പൊലീസ് വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
എന്നാൽ ലിസ്റ്റിന്റെ ആധികാരികതയിൽ സംശയം ഉണ്ടെന്ന് ആരും പറഞ്ഞില്ലെന്ന് നിയമവകുപ്പ് വ്യക്തമാക്കുന്നു. പട്ടികയിലെ പൊരുത്തക്കേടുകൾ പുറത്ത് വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിനോടും നിയമവകുപ്പിനോടും വിശദീകരണം തേടിയിരുന്നു. അതിന് മറുപടി നൽകിയതിൽ ഇരുവകുപ്പുകളും പരസ്പരം പഴി ചാരുകയാണ്.
വിർച്വൽ ക്യൂവിൽ റജിസ്റ്റർ ചെയ്ത് പമ്പയിൽ വന്ന് പാസ്സ് വാങ്ങിപ്പോയ ആളുകളുടെ കണക്കാണ് നൽകിയിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. ബിന്ദുവും കനകദുർഗയുമല്ലാതെ വേറെ ആരെങ്കിലും കയറിയോ എന്ന് ചോദിച്ചാൽ മാത്രം നൽകാനാണ് ഈ ലിസ്റ്റ് നൽകിയത്. എന്നാൽ ഇത് കൈകഴുകലാണ്, ഉത്തരവാദിത്തത്തോടെ പൊലീസ് തന്ന പട്ടികയാണിതെന്ന് നിയമവകുപ്പും പറയുന്നു. പൊലീസിന്റെ ലിസ്റ്റ് കിട്ടിയ ശേഷം ഏറെ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് കോടതിയിൽ കൊടുക്കാൻ തീരുമാനിച്ചതെന്ന നിയമവകുപ്പും വിശദീകരിക്കുന്നു.
ലിസ്റ്റിന്റെ ഉത്തരവാദിത്തം ആർക്ക് എന്നതിൽ തമ്മിൽത്തല്ല് തുടരുകയാണെന്നർഥം. ഈ പട്ടികയിൽ ഇനി തിരുത്ത് നടത്താൻ പറ്റുകയുമില്ല. ചുരുക്കത്തിൽ ആരും ചോദിക്കാതെ സർക്കാർ ഒരു തെറ്റായ പട്ടിക കോടതിയിൽ കൊടുത്തു, അത് രേഖകളുടെ ഭാഗമാവുകയും ചെയ്തു.
ഇതെങ്ങനെ ദില്ലിയിലെ ഓഫീസിൽ നിന്ന് ചോർന്നു എന്ന പ്രശ്നവും സർക്കാരിനെ അലട്ടുന്നു. പ്രസിദ്ധപ്പെടുത്താനല്ല, രഹസ്യമായി കോടതിരേഖകളുടെ ഭാഗമാക്കാൻ മാത്രമാണ് സർക്കാർ ഈ പട്ടിക സുപ്രീംകോടതിയ്ക്ക് മുമ്പാകെ സമർപ്പിച്ചത്.
സർക്കാരിന് ആശയക്കുഴപ്പമില്ല - മന്ത്രി
സർക്കാരിന് യുവതികളുടെ പട്ടികയിൽ ആശയക്കുഴപ്പമില്ലെന്നാണ് ഇപ്പോഴും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറയുന്നത്. എന്നാൽ സർക്കാർ ഒരു പട്ടിക കൊടുത്തെങ്കിൽ അതിന്റെ ഉത്തരവാദിത്തം സർക്കാരിന് തന്നെയാണെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കുന്നു. പട്ടികയെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നും ദേവസ്വംബോർഡിന് എത്ര സ്ത്രീകൾ കയറിയെന്നറിയില്ലെന്നും ബോർഡ് പ്രസിഡന്റ് എ പദ്മകുമാറും വ്യക്തമാക്കുന്നു. പട്ടികയുടെ ഉത്തരവാദിത്തം ദേവസ്വംബോർഡിനില്ലെന്നാണ് പദ്മകുമാറിന്റെ നിലപാട്.
