ദില്ലി: പാര്‍മെന്റില്‍ മുടങ്ങിയ കന്നിപ്രസംഗം ഫേസ്ബുക്കിലൂടെ നടത്തി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. സ്‌പോര്‍ട്‌സിനെ സ്‌നേഹിക്കുന്ന രാജ്യം എന്ന നിലയില്‍ നിന്നും ഇന്ത്യയെ ഒരു കായിക രാജ്യമാക്കി എങ്ങനെ മാറ്റണമെന്ന ആമുഖത്തോടെയാണ് 15 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ തുടങ്ങുന്നത്. സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് ക്രിക്കറ്റ് ദൈവത്തിന്റെ കന്നി പ്രസംഗം.
കായിക സൗഹൃദ രാജ്യത്തിനപ്പുറം, കളിക്കാന്‍ ആഗ്രഹിക്കുന്നവരുടെ രാജ്യമായി മാറണമെന്ന് സച്ചിന്‍ പറഞ്ഞു. വിദ്യാഭ്യാസ അവകാശ നിയമം കായിക മേഖലയുടെ വികസനത്തിനായി ഭേദഗതി ചെയ്യണമെന്നും സച്ചില്‍ ആവശ്യപ്പെടുന്നു. ഇന്നലെ ചില കാര്യങ്ങള്‍ സഭയില്‍ പറയണമെന്നുണ്ടായിരുന്നു. പക്ഷെ സാധിച്ചില്ല എന്ന മുഖവുരയോടെയാണ് സച്ചിന്‍ തുടങ്ങിയത്.
'കളികള്‍ ഇഷ്ടപ്പെടുന്ന രാജ്യം എന്ന നിലയില്‍നിന്നു കളിക്കുന്ന രാജ്യമായി ഇന്ത്യയെ മാറ്റുക എന്നതാണ് ആഗ്രഹം. ശാരീരികക്ഷമതയ്ക്ക് പ്രഥമ പരിഗണന കൊടുക്കണം. യൗവ്വനവും വികസനവുമുള്ള രാജ്യമെന്ന നിലയ്ക്ക് ഫിറ്റ്‌നസ് അത്യന്താപേക്ഷിതമാണ്. ഏതെങ്കിലും കായിക ഇനത്തില്‍ സജീവമാകുന്നത് ഈ ലക്ഷ്യം നേടാന്‍ സഹായിക്കും. ഇതാണ് എന്റെ സ്വപ്നം. ഇത് നമ്മുടെ ഏവരുടെയും സ്വപ്നമാകണം. ഓര്‍ക്കുക, സ്വപ്നങ്ങളാണ് യാഥാര്‍ഥ്യമാകുക.'സച്ചിന്‍ പറഞ്ഞു.
'നമ്മുടെ ശ്രദ്ധ ആവശ്യമുള്ള നിരവധി പ്രശ്നങ്ങള്‍ രാജ്യത്ത് ഉണ്ട്. ഒരു കായികതാരമെന്ന നിലയില്‍ ഞാന്‍ രാജ്യത്തിന്റെ ആരോഗ്യത്തെ കുറിച്ചും കായിക രംഗത്തെ കുറിച്ചും സംസാരിക്കും. അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു.
2020 ല്‍ ലോകത്തെ യുവത്വമുള്ള രാജ്യമായി മാറേണ്ട ഇന്ത്യയുടെ ആരോഗ്യസ്ഥിതി ദയനീയമാണ്. ഈ അവസ്ഥയ്ക്ക് മാറ്റം വരണമെങ്കില്‍ കായിക മേഖല ഉണരണം. ആരോഗ്യമുള്ള ഇന്ത്യയാണ് എന്റെ ലക്ഷ്യം. ലോകത്തില്‍ പ്രമേഹത്തിന്റെ തലസ്ഥാനമാണ് ഇന്ത്യ. 75 ദശലക്ഷം പേരാണ് പ്രമേഹത്തോടു മല്ലിടുന്നത്.
'അമിതവണ്ണത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ മൂന്നാമതാണ് ഇന്ത്യ. രാജ്യത്തെ ഏഴരക്കോടി ആളുകള്‍ പ്രമേഹ ബാധിതരാണ്. ഇതുപോലുള്ള രോഗങ്ങളെ തുടര്‍ന്നുള്ള സാമ്പത്തിക ബാധ്യത രാജ്യത്തിന്റെ പുരോഗതിക്കു തടസ്സമാണ്. പലപ്പോഴും ഭക്ഷണത്തിനു മുന്നില്‍ നമ്മള്‍ കായികക്ഷമതയെ ഒഴിവാക്കുന്നു. ഈ ശീലം മാറണം. നമ്മളില്‍ കൂടുതല്‍പേരും ഇതെല്ലാം ചര്‍ച്ച ചെയ്യുന്നുണ്ട്. പക്ഷേ യാഥാര്‍ഥ്യത്തോടടുക്കുമ്പോള്‍ ഒന്നും ചെയ്യുന്നില്ല. രാജ്യത്തെ കായിക സംസ്‌കാരം കൂടുതലാളുകളെ ഉള്‍ക്കൊള്ളിച്ച് സജീവമാക്കി വികസിപ്പിക്കേണ്ടതുണ്ട്.' സച്ചിന്‍ പറഞ്ഞു.
രാജ്യത്ത് ഒരു കായിക സംസ്‌കാരം വളര്‍ത്തിയെടുക്കണം. അല്ലാത്തപക്ഷം, ആരോഗ്യം നശിച്ച ഒരു തലമുറയാകും വളര്‍ന്നുവരിക. ആരോഗ്യപരിപാലനത്തിന് ഓരോരുത്തരും സമയം കണ്ടെത്തണമെന്നും ഏതെങ്കിലും കായിക വിനോദത്തില്‍ പതിവായി ഏര്‍പ്പെടണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഏത് പ്രായക്കാരിലും ഉണര്‍വ് നല്‍കാന്‍ സ്‌പോര്‍ട്‌സിന് കഴിയുമെന്നു പറയാന്‍ സച്ചിന്‍ കൂട്ടുപിടിച്ചത് മലയാളിയെയാണ്. കായിക താരങ്ങള്‍ക്ക് മികച്ച സൗകര്യങ്ങള്‍ സര്‍ക്കാര്‍ നല്‍കണം. ജീവിക്കാനായി മെഡലുകള്‍ വില്‍ക്കേണ്ടിവരുന്ന അവസ്ഥ താരങ്ങള്‍ക്ക് ഉണ്ടാകരുത്. രാജ്യത്തെ ഒന്നിപ്പിക്കാന്‍ കായികമേഖലയ്ക്ക് കഴിയുമെന്ന് സച്ചിന്‍ പറഞ്ഞത് നെല്‍സണ്‍ മണ്‍ഡേലയുടെ വാക്കുകളില്‍. അച്ഛനമ്മമാര്‍ക്കുള്ള ഉപദേശം കൂടി നല്‍കിയാണ് പ്രസംഗം അവസാനിപ്പിച്ചത്.
