ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും സഹപ്രവര്‍ത്തകര്‍ക്കും എതിരെ കൂടുതല്‍ അഴിമതി ആരോപണങ്ങളുമായി മുന്‍മന്ത്രി കപില്‍ മിശ്ര രംഗത്ത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് ആം ആദ്മി പാര്‍ട്ടി നേതൃത്വം സമര്‍പ്പിച്ചിട്ടുള്ള കണക്കുകള്‍ തെറ്റാണെന്നും കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ വന്‍ തോതില്‍ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നും കപില്‍ മിശ്ര ആരോപിച്ചു.
കടലാസ് കമ്പനികളില്‍ നിന്നും രണ്ടു കോടി രൂപയാണ് കെജ്‌രിവാള്‍ സംഭാവനയായി വാങ്ങിയതെന്നും മൊഹല്ല ക്ലിനിക്കുകള്‍ സ്ഥാപിച്ചതിലും അഴിമതിയുണ്ടെന്നും പറഞ്ഞ മിശ്ര ഇതെല്ലാം അന്വേഷണ പരിധിയില്‍ വരണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് പത്ര സമ്മേളനത്തിനിടയില്‍ മിശ്ര കുഴഞ്ഞുവീണു.
വാട്ടര്‍ ടാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് നേരത്തെ കെജ്‌രിവാളിന്‍റെ ഉപദേശകന് അഴിമതി നിരോധന വകുപ്പ് സമന്‍സ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുമായി കപില്‍ മിശ്ര രംഗത്തെത്തിയിരിക്കുന്നത്.
