ബാഗ്ദാദ്: ഇറാഖ് മുന്‍പ്രസിഡന്റ് സദ്ദാം ഹുസൈനെ തൂക്കിലേറ്റിയിട്ട് 11 വര്‍ഷം. 2003-ല്‍ അമേരിക്കന്‍ സൈന്യം പിടികൂടിയ സദ്ദാം ഹുസൈനെ 2006 ഡിസംബര്‍ 30-നാണ് തൂക്കിലേറ്റിയത്. സദ്ദാം ഹുസൈനെ തൂക്കിലേറ്റുന്ന ചുമതല നിര്‍വഹിച്ച ഇറാഖ് മുന്‍ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുവഫഖ് അല്‍ റുബായി ആയിരുന്നു. സദ്ദാമിന്റെ അന്ത്യനിമിഷങ്ങളില്‍ ഒപ്പമുണ്ടായിരുന്ന അല്‍ റുബായി അങ്ങേയറ്റം ധീരതയോടെയാണ് സദ്ദാം ഹുസൈന്‍ കൊലക്കയര്‍ ഏറ്റുവാങ്ങിയതെന്ന് ഓര്‍ക്കുന്നു....

1982-ല്‍ ദുജൈല്‍ നഗരത്തില്‍ 148 കുര്‍ദിഷുകളെ കൂട്ടക്കൊല ചെയ്ത കുറ്റത്തിനാണ് സദ്ദാമിനെ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഡിസംബര്‍ 30 പുലര്‍ച്ചെയോടെ സദ്ദാമിന്റെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു. വെളുത്ത വി നെക് ടീഷര്‍ട്ടും അതിനു മേലെ കറുത്ത ജാക്കറ്റുമായിരുന്നു സദ്ദാമിന്റെ വേഷം. യാതൊരു ഇടര്‍ച്ചയുമില്ലാതെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഖുര്‍ആനും കൈയിലേന്തിയാണ് സദ്ദം സുരക്ഷാഭടന്‍മാര്‍ക്കൊപ്പമെത്തിയത്. 

നടപടി ക്രമങ്ങളുടെ ഭാഗമായി സദ്ദാമിനെ ജഡ്ജിയുടെ മുറിയിലെത്തിച്ചു. അവിടെ വച്ച് ജഡ്ജി സദ്ദാമിന്റെ കുറ്റപത്രം വായിക്കാന്‍ തുടങ്ങി. അപ്പോള്‍ അദ്ദേഹം അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ മുദ്രാവാക്യം വിളിക്കാനാരംഭിച്ചു. അമേരിക്ക മരിക്കട്ടെ, ഇസ്രായേല്‍ മരിക്കട്ടെ, പേര്‍ഷ്യന്‍ പുരോഹിതര്‍ മരിക്കട്ടെ, പാലസ്തീന്‍ നീണാള്‍ വാഴട്ടെ.... 

വിധിപ്രസ്താവം പൂര്‍ത്തിയായപ്പോള്‍ സദ്ദാമിനെ ജ്ഡജിയുടെ മുറിയില്‍ നിന്നും കൊലമുറിയിലേക്ക് കൊണ്ടുവന്നു. അമേരിക്കക്കാര്‍ ആരും അവിടെ ഉണ്ടായിരുന്നില്ല. തൂക്കുകയറിന് മുന്നിലെത്തിയ സദ്ദാം അത് നോക്കി എന്നോട് പറഞ്ഞു... ഡോക്ടര്‍ ഇത് ആണുങ്ങള്‍ക്കുള്ളതാണ്.വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ ചോദിച്ചു വാങ്ങിയ അദ്ദേഹം അത് നെഞ്ചോട് ചേര്‍ത്തു പ്രാര്‍ത്ഥിച്ച ശേഷം തിരികെ നല്‍കി. തൂക്കിലേറ്റുന്നതിന് മുന്നോടിയായി സദ്ദം സത്യവാചകം ചൊല്ലി. അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ല, മുഹമ്മദ് അവന്റെ പ്രവാചകനാകുന്നു.

അപ്പോഴേക്കും ഞാന്‍ തൂക്കുമരത്തിന്റെ ലിവര്‍ വലിച്ചു. പക്ഷേ അത് ശരിയായി പ്രവര്‍ത്തിച്ചില്ല. അപ്പോള്‍ മറ്റൊരാള്‍ വീണ്ടും ലിവര്‍ വലിച്ചു. സദ്ദാം തൂക്കിലേറി. . സദ്ദാമിന്റെ ഭരണകാലത്ത് പലതവണ ജയിലില്‍ കിടന്നയാളാണ് ഞാന്‍ പക്ഷേ... മരണത്തിനരികില്‍ വച്ച് സദ്ദാമിനെ കണ്ടപ്പോള്‍ എനിക്കയാളോട് ദേഷ്യം തോന്നിയില്ല. സദ്ദാമിന്റെ മൃതദേഹം വൈകാതെ തന്നെ ഇറാഖ് പ്രധാനമന്ത്രി നൂറു അല്‍മാലിക്കിയുടെ വീട്ടിലേക്ക് കൊണ്ടു പോയി. അവിടെ നിന്നും ഹെലികോപട്‌റില്‍ മൃതദേഹം മറവു ചെയ്യാനുള്ള യാത്രയിലും ഞാന്‍ സദ്ദാമിനെ അനുഗമിച്ചു...