Asianet News Malayalam

വീല്‍ചെയറും കെട്ടിവച്ച് മുചക്ര സ്കൂട്ടിയില്‍ തളരാത്ത മനസുമായി ഒരു ഗോവന്‍ യാത്ര; പരിഹസിച്ചവര്‍ക്കെല്ലാം ഒരു മറുപടിയും

കുട്ടിക്കാലത്ത് പിടിപ്പെട്ട മസ്കുലര്‍ ഡിസ്ട്രോഫി അഥവാ മസിലുകള്‍ക്ക് ശേഷി നഷ്ടപ്പെടുന്ന രോഗാവസ്ഥയാണ് സാദിഖ് കുഞ്ഞാനിയെ വീല്‍ച്ചെയറിലാക്കിയത്. രാഹുലിന്‍റെ ശരീരമാകട്ടെ ഏഴ് വര്‍ഷം മുമ്പ് നട്ടെല്ലിന് ക്ഷതമേറ്റാണ് തളര്‍ന്നത്. വീല്‍ചെയറിനോടും തളര്‍ത്തിയ രോഗങ്ങളോടും അവര്‍ക്ക് എന്നും ഒന്നേ പറയാനുണ്ടായിരുന്നുള്ളു. ശരീരത്തെ തളര്‍ത്താം, പക്ഷെ മനസിനെ തളര്‍ത്താനാകില്ല. 7 ദിവസത്തെ സുന്ദരമായ യാത്രയ്ക്ക് ഒടുവിലാണ് ഗോവയില്‍ നിന്ന് നാട്ടിലേക്ക് അവര്‍ തിരികെയെത്തിയത്

Sadique Kunjani facebook post on goa trip
Author
Kochi, First Published Jan 19, 2019, 10:39 PM IST
  • Facebook
  • Twitter
  • Whatsapp

മലപ്പുറം: ശരീരത്തെ തളര്‍ത്തി കളഞ്ഞ അസുഖങ്ങളും പരിമിതികളും ഒരിക്കലും മനസിന്‍റെ വീര്യത്തെ തകര്‍ക്കില്ലെന്ന് തെളിയിച്ച ഒട്ടനവധി സന്ദര്‍ഭങ്ങള്‍ മലയാളികള്‍ കണ്ടിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ചേക്കേറിയാണ് സാദിഖി കുഞ്ഞാനിയുടെയും സുഹൃത്തുക്കളുടെയും ഗോവന്‍ യാത്രയും അവസാനിച്ചത്. തളര്‍ന്ന ശരീരവുമായി വീല്‍ച്ചെയറില്‍ ജീവിതത്തോട് പോരാടുന്നതിനിടയിലാണ് സാദിഖും രാഹുലും ഗോവയിലേക്ക് പോകണമെന്ന ആഗ്രഹം പങ്കുവച്ചത്. പലരും ആ സ്വപ്നത്തെ അവഗണിച്ചപ്പോഴും പരിഹസിച്ചപ്പോഴും തളരാത്ത മനസുള്ള ഇവര്‍ തോല്‍ക്കാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ മുചക്ര സ്കൂട്ടിയില്‍ തകര്‍പ്പനൊരു ഗോവന്‍ ട്രിപ്പും കഴിഞ്ഞ് പരിഹസിച്ചവരോട് വിജയത്തിന്‍റെ രഹസ്യത്തെക്കുറിച്ച് വിവരിക്കുകയാണ് ഇവര്‍.

കുട്ടിക്കാലത്ത് പിടിപ്പെട്ട മസ്കുലര്‍ ഡിസ്ട്രോഫി അഥവാ മസിലുകള്‍ക്ക് ശേഷി നഷ്ടപ്പെടുന്ന രോഗാവസ്ഥയാണ് സാദിഖ് കുഞ്ഞാനിയെ വീല്‍ച്ചെയറിലാക്കിയത്. രാഹുലിന്‍റെ ശരീരമാകട്ടെ ഏഴ് വര്‍ഷം മുമ്പ് നട്ടെല്ലിന് ക്ഷതമേറ്റാണ് തളര്‍ന്നത്. വീല്‍ചെയറിനോടും തളര്‍ത്തിയ രോഗങ്ങളോടും അവര്‍ക്ക് എന്നും ഒന്നേ പറയാനുണ്ടായിരുന്നുള്ളു. ശരീരത്തെ തളര്‍ത്താം, പക്ഷെ മനസിനെ തളര്‍ത്താനാകില്ല. 7 ദിവസത്തെ സുന്ദരമായ യാത്രയ്ക്ക് ഒടുവിലാണ് ഗോവയില്‍ നിന്ന് നാട്ടിലേക്ക് അവര്‍ തിരികെയെത്തിയത്. കാഴ്ചകൾ അതിമനോഹരമായിരുന്നു യാത്രയിലുടനീളം, പക്ഷെ പലപ്പോഴും കാഴ്ചകൾക്കപ്പുറമുള്ള അനുഭവങ്ങളായിരുന്നു ഈ യാത്രയുടെ ഹൈലൈറ്റ്, പറഞ്ഞു തീരാത്ത കഥകള്‍ ഏറെയുണ്ടെന്നും പോരാട്ടത്തിന് മനസുള്ള സാദിഖും രാഹുലും ഉടലിൽ ചേർത്ത് ശേഷിയെ/കഴിവിനെ കുറിച്ച് ഇനിയും സംസാരിച്ചു കൊണ്ടിരിക്കുന്നവരോട് ചിത്രങ്ങൾ പങ്കു വച്ച് പറയുകയാണ്.

സാദിഖിന്‍റെ അനുഭവകുറിപ്പ് പൂര്‍ണരൂപത്തില്‍

ഉടലിൽ ചേർത്ത് ശേഷിയെ/കഴിവിനെ കുറിച്ച് ഇനിയും സംസാരിച്ചു കൊണ്ടിരിക്കുന്നവരുടെ ഇടയിലേക്കാണ് ഈ ചിത്രങ്ങൾ പങ്കു വെക്കുന്നത്..

ത്രീ വീൽ സ്‌കൂട്ടിയിൽ ഒരു ഗോവൻ റൈഡിനെ കുറിച്ച് ആലോചിച്ചു തുടങ്ങിയപ്പോഴേ പരിഹസിക്കാനും നിരുത്സാഹപ്പെടുത്താനും ആളുകൾ ഏറെയായിരുന്നു. സ്വയം തീർത്ത തടവറകളിൽ, അവനവന്റെ സുരക്ഷിത ഇടങ്ങളിൽ മാത്രം പാർക്കുന്നവർ.

ഈ ചിത്രങ്ങൾ ഗോവയിൽ നിന്നുള്ളതാണ്. എല്ലാ പരിഹാസങ്ങളെയും അർഹിക്കുന്ന അവഗണനയോടെ പിന്നിലേക്ക് വലിച്ചെറിഞ്ഞ് ആ സ്‌കൂട്ടറിന്റെ ബാക്കിൽ വീല്ചെയറടക്കം കെട്ടി വെച്ച് ഞങ്ങൾ ഗോവയിൽ എത്തിയ ചിത്രങ്ങൾ.

ഒരു ഗോവൻ റൈഡ് ഏത് ഒരാളെ പോലെയും ഞങ്ങള്‍ രണ്ടാളുടെയും മനസിലും കയറി പറ്റിയിട്ട് നാളേറെയായിരുന്നു.

അങ്ങനെ ഒരു ദിവസം യാത്ര തിരിച്ചു. 7 ദിവസത്തെ സുന്ദരമായ യാത്ര .കാഴ്ചകൾ അതിമനോഹരമായിരുന്നു യാത്രയിലുടനീളം.പക്ഷെ പലപ്പോഴും കാഴ്ചകൾക്കപ്പുറമുള്ള അനുഭവങ്ങളായിരുന്നു ഈ യാത്രയുടെ ഹൈലൈറ്റ്.പറഞ്ഞു തീരാത്ത കഥകളുണ്ട്.

റൈഡിന്റെ കാര്യം പറഞ്ഞപ്പോൾ .അനകെന്താ പിരാന്തു ഉണ്ടോ? എന്ന് ചോദിച്ച മഹാന്മാർ ഉണ്ട്. അവരോട് ഒന്നെ പറയാനൊള്ളൂ ഒരു ബുള്ളറ്റും കെടിഎമ്മും എല്ലാം വാങ്ങി ട്രിപ്പും പ്ലാൻ ചെയ്തിരിക്കുന്ന ഇങ്ങള് പോകുന്നില്ലെങ്കിൽ പോണ്ട.നിങ്ങൾക്ക് നിങ്ങൾ തന്നെ ഒരുക്കിയ തടവറകളിൽ സുഖമായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

തളർന്നത് എന്റെ ശരീരമാണ്.അല്ലാതെ മനസ്സല്ല.
കൂടെ കൂടിയവർ നൗഫല്‍ കൈപ്പള്ളി, രാഹുല്‍, വിപിന്‍ദാസ് 

ഇതൊരു ബോധ്യപ്പെടുത്തലല്ല..
ഉറച്ചു പോയ ചില ബോധങ്ങളോടുള്ള എന്‍റെ പരിഹാസം മാത്രം.

 

Follow Us:
Download App:
  • android
  • ios