ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ  മാങ്ങാട് രത്നാകരൻ തനിക്ക് ഏറ്റവും പ്രിയപ്പെട്ട പത്ത് ലോകകപ്പ് ഗോളുകളെക്കുറിച്ച് എഴുതുന്നു.

ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ മാങ്ങാട് രത്നാകരൻ തനിക്ക് ഏറ്റവും പ്രിയപ്പെട്ട പത്ത് ലോകകപ്പ് ഗോളുകളെക്കുറിച്ച് എഴുതുന്നു.

1994 ൽ അമേരിക്കയിൽ നടന്ന ലോകകപ്പിൽ, ഗ്രൂപ്പ് മത്സരങ്ങളിൽ ബെൽജിയത്തെ നേരിടുകയാണ് സൗദി അറേബ്യ. കളി തുടങ്ങി ആറു മിനിട്ട് കഴിഞ്ഞതേയുള്ളൂ. മൈതാനമധ്യത്തിൽ നിന്ന് സയ്യിദ് അൽ ഒവൈറാന് പന്ത് കിട്ടി. ബെൽജിയത്തിന്റെ ഗോൾമുഖം 69 മീറ്റർ അകലെയാണ്. ഒവൈറന് അതൊരു ദൂരമായിരുന്നില്ല. തികഞ്ഞ ആത്മവിശ്വാസത്തോടെ പന്തുമായി തനിച്ച് മുന്നോട്ട്.

 ബെൽജിയൻ പ്രതിരോധനിര ഒവൈറാന്റെ മുന്നേറ്റം തടയാനൊരുങ്ങി. 1,2,3,4,5 പ്രതിരോധനിരയിലെ അഞ്ചു പേരെ ഒവൈറാൻ അനായാസം വെട്ടിച്ചു. ഒടുവിൽ ഗോളി തന്നെയും ഒവൈറാന്റെ കാലുകളിൽ നിന്ന് പന്ത് മോചിപ്പിക്കാൻ പാഞ്ഞടുത്തു.ഗോളി ചില്ലറക്കാരനായിരുന്നില്ല, മിഷേൽ പ്രുധോം. ബെൽജിയത്തിന്റെ വല ചോരാതെ കാത്ത പ്രതിഭാശാലി. പക്ഷെ പ്രൂധോമിന്റെ ആ ശ്രമം പാഴായി. ഗോൾ.

 ചരിത്രം കുറിച്ച ആ ഗോളോടെ യൂറോപ്യൻ ക്ലബ്ബുകൾ ഒവൈറാനെ നോട്ടമിട്ടു. പക്ഷെ സൗദിയിലെ നിയമമനുസരിച്ച് ഫുട്ബോൾ കളിക്കാർക്ക് വിദേശത്തേക്ക് കൂറുമാറാൻ വിലക്കുണ്ടായിരുന്നു. റിയാദിലെ സൗദി ക്ലബ്ബായ അൽ ഷഹാബിൽ,പ്രൊഫഷണൽ ക്ലബിൽ നിന്ന് വിരിമിക്കുന്നതുവരെയും സയ്യിദ് അൽ ഒവൈറാൻ തുടർന്നു.