പരിശുദ്ധ റംസാന്‍ മാസത്തില്‍ റോഡ് അപകടങ്ങള്‍ കുറയ്ക്കുക ലക്ഷ്യം

ഒമാന്‍: പരിശുദ്ധ റംസാൻ മാസത്തിൽ റോഡ് അപകടങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ട് 'സേഫ്​ റമദാൻ' പദ്ധതിയുമായി ഒമാൻ റോഡ് സുരക്ഷാ അസോസിയേഷൻ. പദ്ധതിയുടെ ഭാഗമായി ബോധവത്കരണവും പരിശോധനയും അധികൃതർ ശക്തമാക്കി. 

Add Asianetnews as a Preferred SourcegooglePreferred

റമദാൻ ദിനങ്ങളിൽ വളരെ വൈകി ഉറങ്ങുന്നത് പകൽസമയം ശരീര ക്ഷീണത്തിനു കാരണമാകും. ഇത് റോഡ് അപകടങ്ങൾക്ക് സാധ്യതകൾ ഏറെ ഉണ്ടാക്കും. അതിനാൽ വാഹനമോടിക്കുന്നവർ ശരീരത്തിന് വേണ്ടത്ര വിശ്രമം നൽകി, റോഡിൽ പൂർണ ജാഗ്രത പാലിക്കണമെണമെന്ന്​ ഒമാൻ റോഡ്​സുരക്ഷാ അസോസിയേഷൻ സി.ഇ.ഒ അലി അൽ ബർവാനി പറഞ്ഞു.

ഇഫ്താർ സമയത്തിന് മുൻപായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുവാൻ തിരക്കു​പിടിച്ചും അമിതവേഗതയിലും വാഹനമോടിക്കുന്നത് അപകടത്തിന് വഴിയൊരുക്കും. 2016 മുതൽക്കാണ് 'സേഫ്​റമദാൻ "എന്ന പദ്ധതിയുടെ ഭാഗമായി ബോധവൽക്കരണം ഒമാനിൽ ശക്തമാക്കിയത്.

എല്ലാ ദിവസത്തെ ഇഫ്താറിന് മുൻപായി ദൃശ്യ- ശ്രവ്യ മാധ്യമങ്ങളിലൂടെ വേഗത കുറച്ച് സുരക്ഷിതമായി വാഹനമോടിക്കുവാൻ പൊതുജനങ്ങൾക്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകിവരുന്നുണ്ട്. 2016 നെക്കാൾ കുറഞ്ഞ അപകടനിരക്കാണ്​കഴിഞ്ഞ റമദാനിൽ രാജ്യത്ത് റിപ്പോർട്ട്​ചെയ്‌തത്. ഈ വർഷവും അപകടനിരക്കിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് റോയൽ ഒമാൻ പൊലീസിന്റെ വിലയിരുത്തൽ.