പാലക്കാട്: മണ്ണാര്‍ക്കാട് കൊലപാതകത്തില്‍ നിലപാട് മാറ്റി കൊല്ലപ്പെട്ട സഫീറിന്‍റെ പിതാവ് സിറാജുദ്ദീന്‍. മകന്‍റെ കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിറാജുദ്ദീന്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്.  സിപിഐയിൽ പ്രവർത്തിക്കുന്ന ഗുണ്ടാസംഘമാണ് കൊലയ്ക്ക് പിന്നില്‍. സിപിഐക്ക് വളരാനുള്ള അവസരം നിഷേധിച്ചതാണ് പ്രകോപനമുണ്ടാക്കിയത്.  മുമ്പും വധഭീഷണി ഉണ്ടായിട്ടുണ്ടെന്നും സിറാജുദ്ദീൻ  പറഞ്ഞു.

അതേസമയം എംഎസ്എഫ് പ്രവര്‍ത്തകനായിരുന്ന സഫീറിന്‍റെ കൊലപാതകം രാഷ്ട്രീയപരമല്ലെന്നാണ് നേരത്തേ സിറാജുദ്ദീന്‍ അറിയിച്ചത്.കളിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും, ഇതിനെ രാഷ്ട്രീയമായി കാണരുതെന്നും മുസ്ലീം ലീഗ് പ്രവര്‍ത്തകനും മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലറുമായ സിറാജുദ്ദീന്‍ പറഞ്ഞിരുന്നു. സഫീറിന്‍റെ കൊലപാതകത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം ആരോപണം ഉന്നയിക്കുമ്പോഴായിരുന്നു സിറാജ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയിരുന്നത്. 

എന്നാല്‍ മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് സ്വന്തം നിലപാടുകള്‍ തള്ളി സിറാജ് തന്നെ രംഗത്തെത്തിയിരിക്കുന്നത്. സഫീറിന്‍റെ കൊലപാതകം രാഷ്ട്രീയപ്രേരിതമെന്നാരോപിച്ചായിരുന്നു മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ മുസ്ലിം ലീഗ് ഹാര്‍ത്താല്‍ നടത്തിയതും , വ്യാപക അക്രമസംഭവങ്ങള്‍ അരങ്ങേറിയതും.

പൊലീസ് സ്റ്റേഷനില്‍ നിന്നും കസ്റ്റഡിയിലെടുത്ത പ്രതികളെ ബലം പ്രയോഗിച്ച് ഇറക്കിക്കൊണ്ടു പോന്നതിലും പൊലീസുകാരെ അക്രമിച്ചതിലു ഭീഷണിപ്പെടുത്തിതിലും, ചാനല്‍ വാഹനം തല്ലിത്തകര്‍ത്തതിലും അടക്കം 65 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കല്ലടിക്കോട് പൊലീസ് കേസെടുത്തിട്ടുള്ളത്.