Asianet News MalayalamAsianet News Malayalam

ആന്ധ്രാ സര്‍ക്കാര്‍ അന്ന് 25000 രൂപ വിലയിട്ടിരുന്ന സഹജന്‍ ഇവിടെയുണ്ട്

  • ബോന്തപ്പള്ളി ശ്രീ സായ്‌നാഥ് സിന്തറ്റിക്ക് മില്ലിലെ തൊഴിലാളി സമരത്തെ പരാജയപ്പെടുത്തിയത് സഹജനായിരുന്നുവെന്നത് ചരിത്രം.
  • ഭരണകൂടം സഹജനെ ഉന്നംവെയ്ക്കുന്നതായി മനസിലാക്കിയപ്പോള്‍ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം ഒളിവില്‍ പോകേണ്ടിവന്നു.
sahajan a old naxal group activist

തൃശൂര്‍: അന്ന് സഹജന്റെ തലയ്ക്ക് ആന്ധ്ര സര്‍ക്കാര്‍ ഇനാം പ്രഖ്യാപിച്ചത് 25,000 രൂപയായിരുന്നു. പൂര്‍ണ്ണമായും ലോഡ് ചെയ്ത എ.കെ 57 റൈഫിള്‍, ഗ്രനൈയ്ഡ്, ആയിരം ചെറുതിരകളോടെയുള്ള കുപ്പായം എന്നിവ ശരീരത്തില്‍ ധരിച്ചായിരുന്നു നടപ്പ്. ഒളിവിലും തെളിവിലും പോലീസുമായും ജന്മികളുടെ ഗുണ്ടകളുമായും ഫാക്ടറി ഉടമകളുടെ കൂലിപ്പടയുമായും ഏറ്റുമുട്ടല്‍. കല്‍വകുരുത്തി, ബോധന്‍, കുക്കുടപ്പള്ളി, പാട്ടഞ്ചേരു തുടങ്ങി ആന്ധ്രയുടെ ഗ്രാമങ്ങളില്‍ നിന്ന് പീപ്പിള്‍ വാര്‍ ഗ്രൂപ്പിന്റെ ചെറു ഗ്രൂപ്പുകളുണ്ടാക്കി ഒരു നാടിനെയാകെ വിറപ്പിച്ച നേതാവ്. 

സാഹസികതയും തീഷ്ണതയും വിപ്ലവവീര്യവും ചേര്‍ത്ത് ഉരുക്കിയെടുത്ത അസ്സല്‍ തീപ്പൊരി. കൊല്ലപ്പിള്ളി വനമേഖലയില്‍ ആന്ധ്രാ പൊലീസുമായി ഏറ്റുമുട്ടിയ കൊലകൊമ്പന്‍. ആ വിപ്ലവകാരി വി.കെ സഹജന്‍ എന്ന ശ്രീധരന്‍ ഇന്നിവിടെ മണലൂര്‍ കാരമുക്കിലെ വീട്ടില്‍ രോഗത്തോട് നേര്‍ക്കുനേരുള്ള ഏറ്റുമുട്ടലിലാണ്.

തീവ്രവിപ്ലവ ചിന്തകളില്‍ നിന്ന് സാധാരണ മനുഷ്യനെ പോലെയാവാന്‍ സഹജന് ആന്ധ്ര സര്‍ക്കാര്‍ വാങ്ങിക്കൊടുത്ത പറമ്പിലെ ഈ വീട്ടില്‍. പൊലീസിന്റെ തോക്കിന്‍കുഴലിന് മുന്നിലും നെഞ്ചുവിരിച്ചുനിന്ന ആ ചങ്കുറപ്പിനെ തകര്‍ക്കാനാവുമോയെന്ന ശ്രമത്തിലാണ് സഹജനെ ചൂഴ്ന്ന് നില്‍ക്കുന്ന രോഗങ്ങള്‍. മരുന്നുകളുടെയും ഡയാലിസിസിന്റെയും തുണ നേരിയൊരാശ്വാസം മാത്രം.

രണ്ട് വര്‍ഷം മുമ്പ് തന്നോളം കമ്യൂണിസ്റ്റായ തന്റെ പ്രിയതമ ഓമന വിടപറഞ്ഞതോടെ ഈ വിപ്ലവകാരിയുടെ മനസ് ഒന്ന് തളര്‍ന്നു. എങ്കിലും പഴയകാല സ്മരണകളയവിറക്കുമ്പോള്‍ കഴിക്കുന്ന മരുന്നിനേക്കാള്‍ ശക്തിയുണ്ടെന്ന് തോന്നുന്നു. തളര്‍ച്ചയും വിഷമവും രോഗവും കത്തിജ്വലിക്കുന്ന ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഉള്‍വലിഞ്ഞപോലെ.

മണലൂര്‍ പഞ്ചായത്തിലെ കാരമുക്ക് വാലത്തുപറമ്പില്‍ കറപ്പുവിന്റെയും വിലാസിനിയുടെയും മകനായി 1955 ലാണ് സഹജന്‍ ജനിക്കുന്നത്. ചെറുപ്പത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് അടുപ്പം തോന്നിയ സഹജന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാരമുക്ക് ബ്രാഞ്ചിന്റെ സ്ഥാപകരില്‍ ഒരാളായിരുന്നു. അടിയന്തരാവസ്ഥയുടെ ഒന്നാം വാര്‍ഷികത്തില്‍ ജനങ്ങള്‍ കാണുന്ന സ്ഥലത്ത് കരിങ്കൊടി നാട്ടണമെന്ന് പാര്‍ട്ടി തീരുമാനമുണ്ടായി. മണലൂരില്‍ അതിസാഹസമായി ആ തീരുമാനം നടപ്പിലാക്കി തന്നിലെ വിപ്ലവ വീര്യം തെളിയിച്ച ആ സാഹചര്യം മനസിലോര്‍ക്കുന്നു; മുഖത്തും വീണ്ടെടുക്കാം ആ നിമിഷത്തിലെ ആവേശം. 

ഒളരി പുല്ലഴിയിലെ നാഷ്ണല്‍ ടെക്സ്റ്റയില്‍ കോര്‍പ്പറേഷന്റെ മില്ലില്‍ തൊഴിലാളിയായിരുന്നു ഒരുഘട്ടത്തില്‍. പിന്നീട് ആലപ്പുഴയിലെ കോമളപുരത്തുള്ള ബിര്‍ളാ ഗ്രൂപ്പിന്റെ സ്വിമിങ്ങ് കമ്പനിയിലേക്ക് മാറുകയായിരുന്നു. ഇവിടെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനിടയില്‍ ആന്ധ്രയില്‍ നിന്നും കമ്പനിയില്‍ വന്നുപോയിരുന്ന രാമുവുമായി ബന്ധം സ്ഥാപിച്ചു. ഇദ്ദേഹമാണ് സഹജനെ ആഡ്രയിലെ മില്ലിലേക്ക് കൊണ്ടു പോകുന്നത്. അവിടെ വച്ച് സഹജനിലെ യഥാര്‍ത്ഥ വിപ്ലവകാരി ജന്മമെടുത്തു. 

ബോന്തപ്പള്ളി ശ്രീ സായ്‌നാഥ് സിന്തറ്റിക്ക് മില്ലിലെ തൊഴിലാളി സമരത്തെ പരാജയപ്പെടുത്തിയത് സഹജനായിരുന്നുവെന്നത് ചരിത്രം. അതിന് മാനേജ്‌മെന്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കേണ്ടിവന്നതിനും സഹജന് ന്യായീകരണമുണ്ട്. തൊഴിലാളി സമരം പരാജയപ്പെട്ടതോടെ മാനേജ്‌മെന്റിന്റെ ഇഷ്ടതോഴനായി സഹജന്‍ മാറി. സ്ഥിരം ജീവനക്കാരനായി നിയമിക്കപ്പെടുകയും ചെയ്തു. പിന്നീടുള്ള പ്രവര്‍ത്തനം മാനേജ്‌മെന്റിനെ പോലും ഭയപ്പെടുത്തുന്ന ഒന്നായി എന്നതാണ് ഈ വിപ്ലവകാരിയുടെ ഉയിര്‍പ്പിന്റെ കഥ.

രഹസ്യമായി തൊഴിലാളികളെ സംഘടിപ്പിച്ച് ടി.എന്‍.ടി.യു.സി എന്ന തൊഴിലാളി സംഘടനക്ക് രൂപം നല്‍കി. തുടര്‍ന്ന് അതേ മില്ലില്‍ തന്നെ തൊഴിലാളി സമരം പ്രഖ്യാപിച്ചു. പീപ്പിള്‍ വാര്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ 165 ദിവസം പിന്നിട്ട സമരത്തില്‍ മുന്നോട്ട് വച്ച എല്ലാ ആവശ്യങ്ങളും മാനേജ്‌മെന്റിന് അംഗീകരിക്കേണ്ടിവന്നു. പക്ഷേ, മാനേജ്‌മെന്റ് ഉണ്ടാക്കിയ ഉടമ്പടി സഹജന്‍ ഇനി അവിടെ തൊഴില്‍ ചെയ്യാന്‍ പാടില്ല എന്നതായിരുന്നു. 

തൊഴിലാളി ക്ഷേമത്തിനായി തന്റെ തൊഴില്‍ നഷ്ടപ്പെടുത്താന്‍ സഹജനിലെ വര്‍ഗസ്‌നേഹിക്കായി. ഇതോടെ തൊഴിലാളികള്‍ക്ക് ഇടയില്‍ സഹജന്‍ താരമായി. തുടര്‍ന്ന് തൊഴിലാളി സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി ഉയര്‍ത്തപ്പെട്ടു. സഹജനിലെ തൊഴിലാളി നേതൃപാഠവം പിന്നെ തിരക്കിലേക്കാണ് എത്തിച്ചത്. ഇതര മില്ലുകളിലെ തൊഴില്‍ തര്‍ക്കങ്ങള്‍ തീര്‍ക്കുന്നതിന് സഹജന്റെ സാന്നിധ്യം തേടി ആളുകളെത്തി. തൊഴിലാളി സംഘടനകള്‍ രൂപികരിക്കാന്‍ സഹജനെ ക്ഷണിക്കാന്‍ തുടങ്ങി. മാനേജ്‌മെന്റുകള്‍ക്കും പൊലീസിനും ഇതോടെ സഹജന്‍ നോട്ടപ്പുള്ളിയായി. 

sahajan a old naxal group activist വി.കെ.സഹജന്‍

ഭരണകൂടം സഹജനെ ഉന്നംവെയ്ക്കുന്നതായി മനസിലാക്കിയപ്പോള്‍ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം ഒളിവില്‍ പോകേണ്ടിവന്നു. ഒളിവിലെ പ്രവര്‍ത്തനത്തില്‍ റൈഫിളില്‍ പരിശീലനം ലഭിച്ചു. ഉസ്മാനിയ മെഡിക്കല്‍ കോളേജിലെ കൊണ്ടപ്പള്ളി സീതാരാമയ്യയായിരുന്നു അന്നത്തെ പീപ്പിള്‍ വാര്‍ ഗ്രൂപ്പിന്റെ മുഖ്യന്‍. ഒളിവ് ജീവിതത്തിന് ശേഷം കല്‍വകുരുത്തി, ബോധന്‍, കുക്കുടപ്പള്ളി, പാട്ടഞ്ചേരു എന്നിവിടങ്ങള്‍ സംഘടന വിപുലീകരിക്കാന്‍ നിയോഗിക്കപ്പെട്ടു. 

ഇവിടെ ചെറിയ ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കി. ഇതിനിടെ ജന്മിമാര്‍ക്കും ഫാക്ടറി മാനേജ്‌മെന്റിനെതിരെ സമരവും ഏറ്റുമുട്ടലും തുടര്‍ന്നു. രണ്ട് തവണ ആന്ധ്രാ പൊലീസുമായി ഏറ്റുമുട്ടിയതോടെ സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായി. ഇതോടെയാണ് സഹജന്റ തലയ്ക്ക് സര്‍ക്കാര്‍ 25,000 രൂപ ഇനാം പ്രഖ്യാപിക്കുന്നത്. എന്‍.ടി. രാമറാവു ആയിരുന്നു അന്നത്തെ ആന്ധ്രാ മുഖ്യമന്ത്രി.

സര്‍ക്കാര്‍ സഹജന്റെ തലയ്ക്ക് വില നിശ്ചയിച്ചതോടെയാണ് കമാന്റര്‍ പദവിയിലേക്ക് സംഘടന ഉയര്‍ത്തിയത്. വീണ്ടും ഒരുപാട് നാള്‍ ഒളിവില്‍ കഴിയേണ്ടിവന്നു. പൂര്‍ണ്ണമായും ലോഡ് ചെയ്ത  എകെ 57 റൈഫിള്‍, ഗ്രനൈയ്ഡ്, ആയിരം തിരകളോടെയുള്ള കുപ്പായം എന്നിവ ശരീരത്തില്‍ ധരിച്ചായി പിന്നീട് സഹജന്റെ പ്രവര്‍ത്തനം. 

ഗ്രാമത്തിലെ ഒരു വീട്ടില്‍ ഒളിവില്‍ ഉണ്ടെന്ന ഒറ്റിനെ തുടര്‍ന്ന് പോലീസ് വീട് വളഞ്ഞ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. ആ വീട്ടില്‍ മുന്‍വശത്തിരുന്ന് കൊച്ചു മക്കള്‍ക്ക് അമ്മ റൊട്ടി ചുട്ട് കൊടുക്കുന്ന സമയത്തായിരുന്നു വീട് വളഞ്ഞത്. ഇതിനിടെ പോലീസ് വെടിവെപ്പ് തുടങ്ങി. കുടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകന് വെടിയേറ്റതോടെ കൂടുതല്‍ രക്തചൊരിച്ചില്‍ ഒഴിവാക്കാന്‍ കീഴങ്ങാന്‍ തീരുമാനിച്ചു. തീരുമാനം പ്രഖ്യാപിച്ചതോടെ ആയുധങ്ങളും വസ്ത്രങ്ങളും ബൂട്ട്‌സും ഉള്‍പ്പടെ കൈമാറാന്‍ പോലീസ് ആവശ്യപ്പെട്ടു. വെടിയേറ്റ ആളെയും കൊണ്ട് മറ്റ് സഹപ്രവര്‍ത്തകര്‍ പോലിസിന് ആവശ്യപ്പെട്ടതെല്ലാമായി വീടിന്റെ വിടവിലൂടെ കീഴടങ്ങാനായെത്തി. ഈ സമയം  സഹജന്‍ തൊട്ടപ്പുറത്ത് നെല്ല് ചാക്ക് സൂക്ഷിച്ച ഗോഡൗണില്‍ ഒളിച്ചു. 

കീഴടങ്ങിയവരെയും ആയുധങ്ങളും സ്റ്റേഷനില്‍ കൊണ്ട് വന്ന് പരിശോധിച്ചപ്പോഴാണ് ഒരു ജോഡി ബൂട്ട്‌സ് അധികമായി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇത് യഥാര്‍ത്ഥ പോരാളി സഹജന്റെതാണെന്ന് തിരിച്ചറിഞ്ഞതോടെ പോലീസ് വീണ്ടും തിരച്ചില്‍ ആരംഭിച്ചു. രാത്രിയായതോടെ പോലീസിന് തിരച്ചില്‍ ദുഷ്‌കരമായി. മൂത്ത മകളെ ആന്ധ്രയില്‍ നിര്‍ത്തി ഭാര്യയെയും രണ്ട് മക്കളെയും നാട്ടിലേക്ക് തിരിച്ചയച്ചു. തുടര്‍ന്ന് സഹജന്‍ വനമേഖലയിലേക്ക് രക്ഷപ്പെട്ടു. 

കൊല്ലപ്പിള്ളി വനമേഖലയില്‍ ആന്ധ്രാ പോലീസുമായി ഏറ്റുമുട്ടി. മൂന്ന് ഗ്രാമവാസികള്‍ ഉള്‍പെടെ അഞ്ച് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഒടുവില്‍ സഹപ്രവര്‍ത്തകനായ ബത്തില സത്യനാരായണയുമായി (കുമാര്‍) ആലോചിച്ച് 1989 ആഗസ്റ്റ് 17 ന് എസ്പിക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ഒരു മാസത്തോളം സഹജനെ പോലീസ് നിരീക്ഷണത്തിലുള്ള ലോഡ്ജില്‍ താമസിപ്പിച്ചു. 

ഐ.എസ്.പി സത്യനാരായണ റാവുവും ഡി.എസ്.പി എസ് പ്രഭാറാവുവിന്റെയും നേതൃത്വത്തില്‍ നിരന്തരം ഇയാളെ തീവ്രവിപ്ലവ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍തിരിപ്പിച്ചുകൊണ്ടുള്ള സംഭാഷണങ്ങളിലും സമ്മര്‍ദ്ദത്തിലുമാക്കി. സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ വ്യവസ്ഥകള്‍ വെയ്ക്കുകയും ചെയതു. അതനുസരിച്ച് സ്വന്തം നാടായ കാരമുക്ക് വില്ലേജില്‍ തറവാട് വീടിന് സമീപത്ത് സഹജന്‍ അവശ്യപ്പെട്ട സ്ഥലവും അന്ന് തലയ്ക്ക് പ്രഖ്യാപിച്ച 25,000 രൂപയും ആന്ധ്രാ സര്‍ക്കാര്‍ നല്‍കി. 

അന്നുമുതല്‍ തനി നാട്ടുമ്പുറത്തുകാരനായി ജീവിക്കുന്നു. ഭാര്യയും നാല് മക്കളുമായി. 1978 ലായിരുന്നു സഹജന്റെ വിവാഹം. ജീവിത പങ്കാളിയായ ഓമനയും പാര്‍ട്ടികാരിയായിരുന്നു എന്നത് സഹജന് ആശ്വാസമായിരുന്നു. മുത്തമകനെ നാട്ടില്‍ നിര്‍ത്തിയാണ് ഭാര്യ ഓമനയും മകള്‍ സബിതയും ആന്ധ്രയില്‍ എത്തിയത്. സംഗീത, സജീഷ് എന്ന രണ്ട് കുട്ടികള്‍ക്ക് കൂടി ഓമന അമ്മയാവുന്നത് ആന്ധയില്‍ വച്ചാണ്. നാട്ടിലെ ജീവിതത്തിനിടെ രണ്ട് പെണ്‍മക്കളെയും വിവാഹം കഴിച്ചയച്ചു. 

വേട്ടയാടുന്ന പോലീസിനാല്‍ ഏത് നിമിഷവും തീര്‍ന്നേക്കാമെന്ന നിശ്ചയത്തോടെയായിരുന്നു മൂന്ന് പതിറ്റാണ്ട് മുമ്പ് സഹജന്‍ ആന്ധ്രയിലെ കാടും മേടും നാടും നഗരവും താണ്ടി ആദിവാസികള്‍ക്കും ദളിതര്‍ക്കും വേണ്ടി പോരാടിയത്. ഇന്ന് ജീവിതത്തിന്റെ സായാഹ്നങ്ങളിലെ സഞ്ചാരമത്രയും ഒരു ദിവസം കൂടി ഈ ജീവന്‍ നിലനില്‍ക്കണമെന്ന തോന്നലോടെയും. രണ്ട് കിഡ്‌നിയുടെയും പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് കിടപ്പിലായ പഴയ വിപ്ലവകാരി ഇന്ന് ഡയാലിസിസ് നടത്തിയാണ് ജീവന്‍ മുന്നോട്ട് കൊണ്ടു പോകുന്നത്.

Follow Us:
Download App:
  • android
  • ios