ജിദ്ദ: ബാങ്കിന്റെ ഓണ്‍ലൈന്‍ തകരാറിലായതിനെ തുടര്‍ന്ന് സൗദിയിലേക്കുള്ള വിദേശ ഉംറ തീര്‍ഥാടകരുടെ യാത്ര പ്രതിസന്ധിയില്‍. ഉംറ ഫീസ്‌ അടയ്‌ക്കുന്ന ഓണ്‍ലൈന്‍ സംവിധാനമാണ് തകരാറിലായത്. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് തീര്‍ഥാടകരുടെ ഉംറ യാത്ര അനിശ്ചിതത്വത്തില്‍. സൗദിയിലെ ഉംറ സര്‍വീസ് കമ്പനികള്‍ വഴിയാണ് വിദേശ തീര്‍ഥാടകര്‍ക്ക് ഉംറ വിസ അനുവദിക്കുന്നത്. വിസ അനുവദിക്കണമെങ്കില്‍ സൗദിയിലെ കമ്പനി സൗദി വിദേശകാര്യ വകുപ്പില്‍ നിശ്ചിത ഫീസ്‌ അടയ്‌ക്കണം. എന്നാല്‍ ഫീസ്‌ അടയ്‌ക്കുന്ന സൗദി അമേരിക്കന്‍ ബാങ്കിന്റെ വെബ്സൈറ്റ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി തകരാറിലായതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

വിസയുടെ ഫീസ്‌ അടയ്‌ക്കാന്‍ സൗദിയിലെ സര്‍വീസ് ഏജന്‍സികള്‍ക്ക് സാധിക്കുന്നില്ല. ഇത് മൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ യാത്ര അനിശ്ചിതത്വത്തിലായി. സ്കൂള്‍ അവധി തുടങ്ങിയതോടെ കേരളത്തില്‍ നിന്നും ആയിരക്കണക്കിന് തീര്‍ഥാടകര്‍ ആണ് ഉംറ വിസയ്‌ക്കായി അപേക്ഷിച്ച് കാത്തിരിക്കുന്നത്. കേരളത്തിലെ പല സര്‍വീസ് ഏജന്‍സികളും ഈ ദിവസങ്ങളില്‍ വിമാനത്തില്‍ സീറ്റുകള്‍ ബ്ലോക്ക്‌ ചെയ്തു.

ചില പ്രമുഖ ഏജന്‍സികള്‍ വിമാനം ചാര്‍ട്ടര്‍ ചെയ്തു. എട്ടോളം വിമാനങ്ങള്‍ ഇങ്ങനെ ചാര്‍ട്ടര്‍ ചെയ്തതായാണ് വിവരം. ഓണ്‍ലൈന്‍ തകരാര്‍ പരിഹരിച്ചില്ലെങ്കില്‍ ഇവരുടെയെല്ലാം യാത്ര അവതാളത്തിലാകും. നേരത്തെ വിസ ലഭിച്ചവര്‍ മാത്രമാണ് ഇപ്പോള്‍ സൗദിയില്‍ എത്തിക്കൊണ്ടിരിക്കുന്നത്. വൈകാതെ ഓണ്‍ലൈന്‍ തകരാര്‍ പരിഹരിക്കും എന്ന പ്രതീക്ഷയിലാണ് തീര്‍ഥാടകരും സര്‍വീസ് ഏജന്‍സികളും.