അധിക സ്വത്ത് ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് സജി ചെറിയാന്‍

ചെങ്ങന്നൂര്‍: തനിക്കെതിരെ അധിക സ്വത്ത് ആരോപിച്ച ബിജെപിയ്ക്കും യുഡിഎഫിനും മറുപടിയുമായി ചെങ്ങന്നൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന്‍. ആലപ്പുഴയിലെ സിപിഎമ്മിൻറെ സ്വത്തുക്കൾ തൻറെതെന്ന മട്ടിൽ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സജി ചെറിയാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്വത്ത് മറച്ചുവെച്ചുവെന്ന് കാട്ടി സജി ചെറിയാനെതിരെ സൂക്ഷ്മ പരിശോധനയിൽ പരാതി നൽകിയെങ്കിലും വരണാധികാരി ഇത് തള്ളുകയായിരുന്നു.

നേരത്തെ, സജി ചെറിയാൻ സ്വത്തുവിവരം മറച്ചുവച്ചു എന്ന പരാതിയുമായി എ.കെ. ഷാജി എന്ന സ്വതന്ത്ര സ്ഥാനാർത്ഥി രംഗത്തെത്തിയിരുന്നു. തുടർന്ന് യുഡിഎഫ്, ബിജെപി പ്രതിനിധികൾ വരണാധികാരിക്ക് മുൻപാകെ പരാതി ഉന്നയിച്ചു. സജി ചെറിയാന്റെ പേരിലുള്ള 17 ആധാരങ്ങളിലെ വിവരം മറച്ചുവച്ചു, നാലു ക്രിമിനൽ കേസുകൾ രേഖപ്പെടുത്തിയില്ല, സജി ചെറിയാൻ ചെയർമാനായ കരുണ ട്രസ്റ്റിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ർ

എന്നാൽ ഈ പരാതികൾ പത്രിക തള്ളാൻ മാത്രം പര്യാപ്തമല്ല എന്ന് വ്യക്തമാക്കി വരണാധികാരി സജി ചെറിയാന്റെ പത്രിക അംഗീകരിക്കുകയായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി ഡി.വിജയകുമാറിന്റെയും എൻഡിഎ സ്ഥാനാർത്ഥി പി.എസ്. ശ്രീധരൻപിള്ളയുടെയും പത്രികകളും സ്വീകരിച്ചു.