2011 ല്‍ പിസി വിഷ്ണുനാഥിന്റെ 65156 വോട്ടിന്റെ റെക്കോര്‍ഡ് തകര്‍ന്നു 1987 ല്‍ മാമന്‍ഐപ് നേടിയ 15703 എന്ന റെക്കോര്‍ഡ് ഭൂരിപക്ഷവും തകര്‍ത്തു

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരെഞ്ഞെടുപ്പിന്റെ ആരവം കഴിഞ്ഞപ്പോള്‍ ഇടതുമുന്നണി ഗംഭീര ജയമാണ് സ്വന്തമാക്കിയത്. 20950 വോട്ടുകളുടെ വ്യത്യാസത്തിലാണ് സജി ചെറിയാന്‍ യുഡിഎഫിലെ ഡി വിജയകുമാറിനെ പരാജയപ്പെടുത്തിയത്. ചെങ്ങന്നൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമെന്ന റെക്കോര്‍ഡിനൊപ്പം ചെങ്ങന്നൂരിന്റെ തിരഞ്ഞെടുപ്പ് ഗ്രാഫില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ സ്ഥാനാര്‍ഥിയെന്ന ഖ്യാതിയും ഇടത് സ്ഥാനാര്‍ഥിക്ക് സ്വന്തമായി.

1987 ല്‍ മാമന്‍ ഐപ് നേടിയ 15703 എന്ന റെക്കോര്‍ഡ് ഭൂരിപക്ഷമാണ് സജിചെറിയാന്റെ പടയോട്ടത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞത്. ഭൂരിപക്ഷം ആദ്യമായി ഇരുപതിനായിരം എന്ന നാഴികകല്ല് പിന്നിട്ടതും ഇടത് ജയത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നു. ചെങ്ങന്നൂരിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഏതെങ്കിലുമൊരു സ്ഥാനാര്‍ഥി ഇതുവരെ നേടിയിട്ടില്ലാത്ത അത്ര ഉയര്‍ന്ന വോട്ടാണ് സജി ചെറിയാന്‍ സ്വന്തമാക്കിയത്. 2011 നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി പിസി വിഷ്ണുനാഥാണ് ഇതുവരെ ചെങ്ങന്നൂരില്‍ ഏറ്റവും അധികം വോട്ട് നേടിയതിന്റെ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നത്. അന്ന് 65,156 വോട്ടുകള്‍ നേടാന്‍ വിഷ്ണുനാഥിന് സാധിച്ചിരുന്നു.

എന്നാല്‍ ഇക്കുറി സജി ചെറിയാനിലൂടെ ഇടതുമുന്നണി 2147 വോട്ടുകള്‍ അധികം നേടി. 67303 വോട്ടുകളാണ് സജിചെറിയാന്റെ പെട്ടിയില്‍ വീണത്. അതേസമയം കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നിട്ടും കഴിഞ്ഞ തവണത്തെക്കാള്‍ വോട്ടു നേടാനായി എന്നതാണ് കോണ്‍ഗ്രസിനും യുഡിഎഫിനും ആശ്വാസമേകുന്ന ഘടകം. 2016ല്‍ പിസി വിഷ്ണുനാഥിലൂടെ യുഡിഎഫ് നേടിയത് 44897 വോട്ടുകളായിരുന്നു. ഇക്കുറി ഡി വിജയകുമാര്‍ 1450 വോട്ടുകള്‍ അധികം നേടി. 46347 വോട്ടുകളാണ് കൈപ്പത്തി ചിഹ്നത്തില്‍ വീണത്.

വോട്ടിന്റെ കാര്യത്തില്‍ ബിജെപി കനത്ത തിരിച്ചടിയാണ് ഏറ്റുവാങ്ങിയത്. 2016 ല്‍ 42682 വോട്ടുകള്‍ നേടിയ ശ്രീധരന്‍പിള്ളയ്ക്ക് ഇക്കുറി 35270 വോട്ടുകളാണ് പെട്ടിയിലാക്കാന്‍ കഴിഞ്ഞത്. 7410 വോട്ടിന്റെ കുറവാണുണ്ടായത്.