കൊച്ചി:കേരളത്തിലെ പരമ്പരാഗത കലാരൂപങ്ങളുടെ ആര്‍ക്കൈവൊരുക്കി ' ആട്ടക്കളം ' വെബ്‌സൈറ്റ്. അഭിനേത്രി സജിതാ മഠത്തില്‍, കേരളത്തിലെ ആദ്യ ഇടയ്ക്ക വാദക സുവര്‍ണ്ണ എന്നിവരുടെ ശ്രമഫലമായാണ് ആട്ടക്കളം എന്ന വെബ് സൈറ്റ് രൂപപ്പെട്ടത്. പരമ്പരാഗത കലാരൂപങ്ങളുടെ സംരക്ഷണവും അവയുടെ ആര്‍ക്കൈവുമാണ് ആട്ടക്കളം എന്ന വെബ്‌സൈറ്റ് പ്രധാനമായും ഉദ്ദേശിക്കുന്നത്. 

അവതരണകലയുടെ ആര്‍ക്കൈവുകളാണ് പ്രധാനമായും ആട്ടക്കളം ശ്രദ്ധിക്കുന്നത്. ഒരു സമൂഹത്തിന്റെ ചലനാത്മകമായ നിലനില്‍പ്പിന് ഇത്തരം കലാരൂപങ്ങള്‍ ശക്തമായ അടിത്തറയാണ് ഒരുക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കലാരൂപങ്ങളെ സംരക്ഷിക്കേണ്ടത് അതത് സമൂഹത്തിന്റെ ബാധ്യതയാണ്. സര്‍ക്കാറാണ് നിലവില്‍ ഇത്തരം കലാരൂപങ്ങളുടെ സംരക്ഷണം നടത്തേണ്ടതെങ്കിലും പലപ്പോഴും നമ്മുക്കത് സാധ്യമാകാതെ വരുന്നു. ഇത്തരം കലകളുടെ സംരക്ഷണത്തിന് എന്ത് ചെയ്യാന്‍ കഴിയും എന്ന അന്വേഷണത്തില്‍ നിന്നാണ് ആട്ടക്കളം എന്ന സൈറ്റിലേക്ക് എത്തിയതെന്നും സജിതാ മഠത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

ഓരോ കലാരൂപവും അതത് ഇടങ്ങളില്‍ നടത്തുന്ന അവതരണങ്ങളാണ് ഡോക്യുമെന്റ് ചെയ്യുന്നത്. എന്നാല്‍ ഇവ ഡോക്യുമെന്ററി സ്വഭാവമുള്ളവയല്ല. ഓരേ സമയം കലാകാരന്റെ അഭിമുഖവും കലയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളെക്കുറിച്ചും വിശദമായ ഡോക്യുമെന്റേഷന്‍ നടത്തുന്നു. ഇവ പൊതുസമൂഹത്തിനായി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നു. ഒരു വരുമാനം എന്നതില്‍ കവിഞ്ഞ് നമ്മുടെ പരമ്പരാഗതമായ കലാരൂപങ്ങളുടെ സംരക്ഷണവും വരും തലമുറയില്‍ ഇത്തരം കലകളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയുമാണ് ആട്ടക്കളം ലക്ഷ്യം വെയ്ക്കുന്നത്. 

കലകളെക്കുറിച്ചുള്ള ഡോക്യുമെന്റഷനോടൊപ്പം കലാകാരന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടി പ്രസിദ്ധീകരിക്കുന്നു. ഇത് കലാകാരന്മാര്‍ക്കും ഉപകാരപ്രദമാകും വിധത്തിലായിരിക്കും. നിലവില്‍ പത്ത് കലകള്‍, അതില്‍ മാസ്റ്റേഴ്‌സ് ആയിട്ടുള്ള ആളുകളുടെ അഭിമുഖം എന്നിങ്ങനെയാണ് സൈറ്റ് ഒരുക്കിയിരിക്കുന്നത്. ഫോക്ക്, റിച്ച്വല്‍, ട്രൈബല്‍, മാര്‍ഷല്‍, പപ്പറ്റ്ട്രി എന്നീ വിഭാഗങ്ങളും ലഭ്യമാണ്. ഇരുള നൃത്തം, മുളപ്പാട്ട്, നാടന്‍ പാട്ട്, തോല്‍പ്പാവക്കൂത്ത്, അറബനമുട്ട്, ചവിട്ടുനാടകം, കളമെഴുത്ത്, മുടിയേറ്റ് എന്നിങ്ങനെ സാംസ്‌കാരികമായും ദേശപരമായും ഏറെ വൈവിധ്യമുള്ള വിഭവങ്ങളാണ് ആട്ടക്കളത്തില്‍ ഒരുക്കിയിരിക്കുന്നത്. ഇത്തരം കലാരൂപങ്ങളെ ഡോക്യുമെന്റ് ചെയ്യാന്‍ പണം ആവശ്യമാണ്. നിലവില്‍ സമാനമനസ്‌കരായ ആളുകളില്‍ നിന്നും സാമ്പത്തികസഹായം സ്വീകരിക്കുന്നുണ്ട്. ഫണ്ട് ലഭ്യമാകുന്നതിനനുസരിച്ച് കേരളത്തിലെ മുഴുവന്‍ കലാരൂപങ്ങളുടെയും ഡോക്യുമെന്റേഷന്‍ സാധ്യമാക്കണമെന്നാണ് ആട്ടക്കളത്തിന്റെ ലക്ഷ്യമെന്നും സജിതാ മഠത്തില്‍ പറഞ്ഞു.