മാധ്യമങ്ങളുടെ കണ്ണു വെട്ടിച്ചാണ് സക്കീര്‍ കൊച്ചി കമ്മീഷണര്‍ ഓഫീസിലെത്തിയത്. എന്നാല്‍ സക്കീര്‍ കീഴടങ്ങിയെന്ന വിവരം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കോടിയേരി ബാലകൃഷ്ണന്റെ ക്വട്ടേഷനെന്ന പേരില്‍ പേരില്‍ വ്യവസായിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ് സിപിഎം കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറിയായ സക്കീര്‍ ഹുസൈന്‍.

വ്യവസായി ജൂബി പൗലോസിന്റെ പരാതിയിലാണ് സിപിഎം ജില്ലാ കമ്മറ്റി അംഗവും, കളമശ്ശരി ഏരിയാസെക്രട്ടറിയും,ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായി സക്കീര്‍ ഹൂസൈനെ ഒന്നാം പ്രതിയാക്കി പ്രത്യേക പോലീസ് സംഘം കേസെടുത്തത്. കോടിയേരി ബാലകൃഷ്ണന്റെ ക്വട്ടേഷനാണെന്ന് പറഞ്ഞാണ് തന്നെ സക്കീര്‍ ഹൂസൈന്‍ ഭീഷണിപ്പെടുത്തിയതെന്ന് വ്യവസായി ജൂബി പൗലോസിന്‍റെ പരാതി. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയിരുന്നു.

ഒളിവില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം പാര്‍ടി ഓഫീസിലെത്തിയ സക്കീറിന്റെ നടപടിക്കെതിരെ പാര്‍ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ രംഗത്ത് വന്നിരുന്നു. സക്കീര്‍ ഹുസൈന്‍ നിയമത്തിന് മുന്നില്‍ കീഴടങ്ങണമെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു.

ഏഴ് ദിവസത്തിനകം ഹാജരായാല്‍ മതിയെന്ന ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. കീഴടങ്ങിയാല്‍ വൈകുന്നേരം നാലു മണിക്കകം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കണം.