ദില്ലി: ജനസംഖ്യാ വര്‍ദ്ധനവിനെക്കുറിച്ച് താന്‍ പറഞ്ഞ നിലപാടില്‍ ഉറച്ചു നില്ക്കുന്നു എന്ന് വ്യക്തമാക്കി ബിജെപി എംപി സാക്ഷി മഹാരാജ് തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്കി. പഞ്ചാബിലെയും ഗോവയിലെയും വോട്ടെടുപ്പുകള്‍ക്കായുള്ള നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണം ഇന്നു തുടങ്ങി. ബജറ്റ് മാറ്റുന്ന കാര്യത്തില്‍ തീരുമാനം വെള്ളിയാഴ്ചയോടെ കൈക്കൊള്ളുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.

സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസംഗത്തില്‍ വിശദീകരണം നല്കാന്‍ ബിജെപി എംപി സാക്ഷിമഹാരാജിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്കിയിരുന്നു. സാക്ഷി മഹാരാജിന്റെ പ്രസംഗം പ്രഥമദൃഷ്ട്യാ പെരുമാറ്റചട്ട ലംഘനമാണെന്നാ് കമ്മീഷന്‍ വിലയിരുത്തല്‍. എന്നാല്‍ ജനസംഖ്യാ വര്‍ദ്ധനവിനെക്കുറിച്ചുളള തന്റെ നിലപാടില്‍ ഉറച്ചു നില്ക്കുന്നു എന്ന വിശദീകരണമാണ് സാക്ഷി മഹാരാജ് ഇന്ന് കമ്മീഷന് നല്കിയത്. ഒരു സമുദായത്തിനും എതിരല്ലായിരുന്നു പ്രസംഗമെന്ന് വ്യക്തമാക്കിയ സാക്ഷിമഹാരാജ്, ഖേദം പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്ന് കമ്മീഷനെ അറിയിച്ചു

പഞ്ചാബിലെയും ഗോവയിലെയും നാമനിര്‍ദ്ദേശപത്രികസമര്‍പ്പണം ഇന്നു തുടങ്ങി. രണ്ടു സംസ്ഥാനങ്ങളിലെയും ബിജെപി സ്ഥാനാര്‍ത്ഥികളെ ഇന്നു പ്രഖ്യാപിക്കും. ബജറ്റ് മാറ്റണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ നിവേദനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വെള്ളിയാഴ്ച ഉണ്ടായേക്കും. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്കിയ വിശദീകരണം കമ്മീഷനിലെ നിയമവിഭാഗം പരിശോധിച്ചു വരികയാണെന്ന് ഉന്നതവൃത്തങ്ങള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായില്ലെങ്കിലും ഉത്തര്‍പ്രദേശില്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ ബിജെപിക്ക് കിട്ടിയ ജനപിന്തുണ ഇടിയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടിക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്.