ഒമാനിലെ ഫ്രീ സോണുകളിൽ ഇന്ത്യയിൽ നിന്നും കൂടുതൽ നിക്ഷേപകർ എത്തുന്നുവെന്നു അധികൃതർ
മസ്ക്കറ്റ്: ഒമാനിലെ ഫ്രീ സോണുകളിൽ ഇന്ത്യയിൽ നിന്നും കൂടുതൽ നിക്ഷേപകർ എത്തുന്നുവെന്നു അധികൃതർ. വിദേശ നിക്ഷേപകർക്ക് ഒമാനില്‍ വ്യവസായത്തിത്തിനു അനുകൂല സാഹചര്യങ്ങളാണ് ഉള്ളതെന്ന് സലാല ഫ്രീ സോൺ ഡയറക്ടർ അവാധ് സാലിം ഷാൻഫാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സൊഹാർ , സലാല, ദുഃഖം , അൽ മസൂനഹ എന്നിങ്ങനെ നാല് ഫ്രീസോൺ മേഖലകളാണ് ഇപ്പോൾ ഒമാനിൽ നിലവിൽ ഉള്ളത് നൂറു ശതമാനം വിദേശ ഉടമസ്ഥാവകാശം , പത്തു വർഷത്തേക്കുള്ള നികുതി ഒഴിവുകൾ , തുടങ്ങി വളരെ അനുകൂല സാഹചര്യങ്ങൾ ആണ് വിദേശനിക്ഷേപകർക്കായി ഒമാൻ സർക്കാർ അനുവദിച്ചിട്ടുള്ളത്.
ഇന്ത്യ , ചൈന, ഇറാന്‍, ഇറ്റലി എന്നി രാജ്യങ്ങളിൽ നിന്നുമുള്ള വിവിധ കമ്പനികളുടെ നിരവധി പദ്ധതികളും ഈ മേഖലകളിൽ നിക്ഷേപങ്ങൾ നടത്തി വരുന്നുണ്ട് . ഇന്ത്യൻ നിക്ഷേപകരെ സഹായിക്കുന്ന നിരവധി പ്രോത്സാഹനങ്ങൾ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു . വ്യവസായത്തിന് ആവശ്യമുള്ള വിശാലമായ പ്രദേശം കിഴക്കു മുതൽ പടിഞ്ഞാറു വരെയുണ്ട്, നിക്ഷേപത്തിന്റെ വലിയ ഭാഗവും ഇന്ത്യയിൽ നിന്നുമാണ് വരുന്നത് . നിക്ഷേപങ്ങൾ ഇന്ത്യയിലേക്ക് തിരിച്ചും പോകുന്നുണ്ട് അവാധ് സാലിം ഷാൻഫാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നാല് ഫ്രീസോണുകൾക്കു പുറമെ ഒൻപതു വ്യവസായ എസ്റേറ്റുകളും രാജ്യത്തിന്‍റെ വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരുന്നുണ്ട് . എണ്ണയിതര മേഖലയിൽ നിന്നുമുള്ള വരുമാനം ഉയർത്തുക എന്ന ലക്ഷ്യത്തിൽ രാജ്യത്തെ ഫ്രീസോണുകളും വ്യവസായ എസ്റേറ്റുകളും പ്രോത്സാഹിപ്പിക്കുന്ന ഒമാൻ സർക്കാരിന്റെ പദ്ധതികൾ , ഫലപ്രദമാണെന്നു മസ്കറ്റിൽ നടന്നു വന്ന ഇക്കണോമിക് ആൻഡ് ഫ്രീസോൺ ഉച്ചകോടി വിലയിരുത്തുകയും ചെയ്തു.
