സാലറി ചലഞ്ചുമായി മുന്നോട്ട് പോകുന്ന സര്‍ക്കാറിന് ഹൈക്കോടതിയില്‍തിരിച്ചടി. പങ്കെടുക്കാത്തവര്‍  വിസമ്മതപത്രം നൽകണമെന്ന നിബന്ധന  ഹൈക്കോടതി സ്റ്റേ ചെയ്തു. 

കൊച്ചി: സാലറി ചലഞ്ചുമായി മുന്നോട്ട് പോകുന്ന സര്‍ക്കാറിന് ഹൈക്കോടതിയില്‍ തിരിച്ചടി. പങ്കെടുക്കാത്തവര്‍ വിസമ്മതപത്രം നൽകണമെന്ന നിബന്ധന ഹൈക്കോടതി സ്റ്റേ ചെയ്തു. വിസമ്മത പത്രം നല്‍കണം എന്ന ഉത്തരവിലെ പത്താം നിബന്ധനയാണ് സ്റ്റേ ചെയ്തത്. ആത്മാഭിമാനം ഇല്ലാതെ ജീവിക്കുന്നതിനേക്കാൾ നല്ലത് 1000 തവണ മരിക്കുന്നത് എന്ന ലൂയിസ് ആറാമന്റെ വാക്കുകള്‍ കടമെടുത്തായിരുന്നു കോടതിയുടെ ഉത്തരവ്. ഇത് സംബസിച്ച ഹർജി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഒരു മാസത്തിനകം തീർപ്പാക്കണമെന്നും കോടതി ഉത്തവരവിട്ടു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്കുള്ള സാലറി ചലഞ്ചിന്‍റെ പേരില്‍ നിര്‍ബന്ധിത പണപ്പിരിവു നടത്തുന്നു എന്നാരോപിച്ച് എന്‍ജിഒ സംഘ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നിര്‍ദേശം. സാലറി ചലഞ്ചില്‍ ശമ്പളം നല്‍കാത്തവരുടെ പട്ടിക തയാറാക്കിയതെന്തിനാണെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. ദുരിതാശ്വാസത്തിന്‍റെ പേരില്‍ നിര്‍ബന്ധിത പിരിവ് പാടില്ലെന്നും പട്ടിക പുറത്തുവിടരുതെന്നും കോടതിയുടെ നിര്‍ദ്ദേശിക്കുകയും ചെ്യതിരുന്നു.

പ്രളയത്തെ കേരളം ഒറ്റക്കെട്ടായാണ് നേരിട്ടത്. ശമ്പളം നല്‍കാത്തവരുടെ പട്ടിക തയാറാക്കുന്ന തീരുമാനം ഐക്യ മനോഭാവം തകര്‍ക്കും. നിര്‍ബന്ധ പൂര്‍വ്വം ശമ്പളം പിടിച്ചു വാങ്ങുന്നത് ശരിയല്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലും പ്രളയ ബാധിതരുണ്ട്. അവരുടെ പട്ടിക തയാറാക്കിയിട്ടുണ്ടോ എന്നും കോടതി ആരാഞ്ഞു. പട്ടിക തയാറാക്കല്‍ അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ നല്‍കിയ ഉറപ്പിന് വിരുദ്ധമാണെന്നും കോടതി വിലയിരുത്തിയതിന് പിന്നാലെയാണ് വിസമ്മത പത്രം നല്‍കണമെന്ന നിബന്ധന പാടില്ലെന്ന് കോടതി നിര്‍ദേശിച്ചത്.