ശനിയാഴ്ചയും വിധി എതിരായാൽ  ജാമ്യാപേക്ഷ ഹൈക്കോടതിയിലെത്തും.

ദില്ലി: കൃഷ്ണമൃഗത്തെ വേട്ടയാടിയകേസിൽ ശിക്ഷ കിട്ടിയ നടൻ സൽമാൻ ഖാൻ ജോധ്പൂര്‍ ജയിലിൽ തുടരും. ജാമ്യേപേക്ഷയിൽ സെഷൻസ് കോടതി തീരുമാനം ശനിയാഴ്ചത്തേക്ക് മാറ്റി. രണ്ട് കൃഷ്ണണമാനുകളെ വേട്ടയാടിക്കൊന്ന കേസിൽ അഞ്ച് വര്‍ഷം തടവുശിക്ഷ നല്‍കിയ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെയാണ് സൽമാൻ ഖാൻ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. 15 മിനിറ്റ് വാദം കേട്ട കോടതി തീരുമാനം ശനിയാഴ്ചത്തേക്ക് മാറ്റി.

ഇതോടെ ഇന്നും സൽമാന് ജയിലിൽ കഴിയേണ്ടി വരും. ശനിയാഴ്ചയും വിധി എതിരായാൽ ജാമ്യാപേക്ഷ ഹൈക്കോടതിയിലെത്തും. സാക്ഷിമൊഴികൾ വിശ്വാത്തിലെടുക്കരുത്, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ വൈരുദ്ധ്യങ്ങളുണ്ട്, ജയിലിൽ ഭീഷണിയുണ്ട്, കോടതി പറയുമ്പോഴൊക്കെ ഹാജരാകാൻ തയ്യാറാണ് തുടങ്ങിയ കാര്യങ്ങളാണ് ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നത്. സമാനമായ രണ്ട് കേസുകളിൽ ഹൈക്കോടതി സൽമാനെ കുറ്റ വിമുക്തനാക്കിയതാണെന്നും അപേക്ഷയിൽ പറയുന്നു. ഇന്‍റര്‍നെറ്റിലൂടെയും എസ്എംഎസ്സിലൂടേയും ഭീഷണി സന്ദേശം എത്തിയെന്ന് സൽമാൻ ഖാന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

സൽമാൻ സ്ഥിരം കുറ്റവാളിയാണെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഭരിക്കുന്ന പാര്‍ട്ടിയുടെ മതത്തിൽപ്പെട്ടയാളായിരുന്നെങ്കിൽ സൽമാൻ ഖാന് ശിക്ഷയിൽ ഇളവ് കിട്ടിയേനേയേന്ന പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫിന്റെ പരാമര്‍ശത്തിനിതെരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായി. സെയ്ഫ് അലി ഖാനെ വെറുതെവിട്ടത് ഹിന്ദുവായത് കൊണ്ടാണോയെന്നാണ് പരിഹാസം. ന്യുനപക്ഷങ്ങളെക്കുറിച്ച് ആശങ്കയുള്ളത് കൊണ്ടാണോ സൽമാന്റെ ടൈഗര്‍ ജിൻദാഹെ സിനിമയുടെ പ്രദര്‍ശനം പാകിസ്ഥാൻ വിലക്കിയതെന്ന് മറ്റൊരു പ്രതികരണം. അനധികൃതമായി ആയുധം കൈവശം വച്ചതിന് സഞ്ജയ് ദത്തിനെ ശിക്ഷിച്ചതും പാക് വിദേശകാര്യമന്ത്രിയെ വിമര്‍ശകര്‍ ഒര്‍മ്മപ്പെടുത്തി.