ഉത്തര്‍പ്രദേശ്: ഉത്തര്‍ പ്രദേശില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാജ്‌വാദി പാര്‍ട്ടി ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കി. ശിവ്പാല്‍ യാദവ് ഉള്‍പ്പെടെ മുലായം സിംഗ് യാദവ് നല്‍കിയ പട്ടികയിലുള്ളവരെ അഖിലേഷ് സ്ഥാനാര്‍ത്ഥികളാക്കി. കോണ്‍ഗ്രസ് എസ്പി സഖ്യ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും.

ഉത്തര്‍പ്രദേശില്‍ സൈക്കിള്‍ ചിഹ്നത്തിലുള്ള മത്സരത്തില്‍ വിജയിച്ച ശേഷം മുലായം സിംഗുമായുള്ള ഒത്തുതീര്‍പ്പ് ശ്രമം അഖിലേഷ് ഊര്‍ജിതമാക്കിയിരുന്നു. ഒത്തു തീര്‍പ്പിന്റെ ഭാഗമായി സഹോദരന്‍ ശിവ്പാല്‍ യാദവ് ഉള്‍പ്പെടെയുള്ളര്‍ക്ക് സീറ്റ് നല്‍കണമെന്നായിരുന്നു മുലായം സിംഗ് യാദവിന്റെ ആവശ്യം. 38 പേരുടെ പട്ടിക അഖിലേഷിന് മുലായം കൈമാറുകയും ചെയ്തു. ഇതില്‍ ശിവ്പാല്‍ യാദവ് ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ത്ഥികള്‍ എസ്പി പ്രഖ്യാപിച്ച 191 പേരുടെ ആദ്യ പട്ടികയില്‍ ഇടം കണ്ടെത്തി.

ആദ്യ മൂന്ന് ഘട്ടങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്കാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്. ഇതോടെ സമാജ്!വാദി പാര്‍ട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നുറപ്പായി. കോണ്‍ഗ്രസിന്റെ സിറ്റിംഗ് മണ്ഡലങ്ങളിലും എസ്പി സ്ഥാമാര്‍ത്ഥികളെ പ്രഖ്യാപിച്ചത് സഖ്യ ചര്‍ച്ചകളില്‍ കല്ലുകടിയായി. കോണ്‍ഗ്രസ് സഖ്യത്തെകുറിച്ചുള്ള ചര്‍ച്ച പൂര്‍ത്തിയായിട്ടില്ലെന്നും 54 സീറ്റില്‍ കൂടുതല്‍ കോണ്‍ഗ്രസിന് അര്‍ഹതയില്ലെന്നുമുള്ള ദേശീയ വൈസ് പ്രസിഡന്റ് കിരണ്‍മോയ് നന്ദയുടെ പരാമര്‍ശം നരേഷ് അഗര്‍വാള്‍ എംപി തള്ളി. 

തീരുമാനം അഖിലേഷിന്റേതാണെന്ന് അഗര്‍വാള്‍ പറഞ്ഞു. കോണ്‍ഗ്രസിന് മാത്രം സീറ്റെന്നും സഖ്യകക്ഷികളെ കോണ്‍ഗ്രസ് ഉള്‍പ്പെടുത്തണമെന്നുമാണ് അഖിലേഷ് യാദവിന്റെ നിലപാട്. ഉത്തര്‍പ്രദേശിലെ രണ്ടാംഘട്ടത്തിലും ഉത്തരാഖണ്ഡിലെ വോട്ടെടുപ്പിനും ഉള്ള വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. യുപിയില്‍ രണ്ടാംഘട്ടത്തില്‍ 67 മണ്ഡലങ്ങളിലാണ് അടുത്തമാസം 15ന് വോട്ടെടുപ്പ്.