ലക്‌നൗ: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്പ് ഉത്തര്‍പ്രദേശ് സമാജ് വാദി പാര്‍ട്ടിയില്‍ തുറന്നപോര്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശിവ് പാല്‍ യാദവിന്റെ സ്ഥാനാര്‍ത്ഥി പട്ടിക തള്ളി മുഖ്യമന്ത്രി അഖിലേഷ് യാദവ് മുലായം സിംഗ് യാദവിന് പുതിയ പട്ടിക സമര്‍പ്പിച്ചു. യാദവകോട്ടയില്‍ നിന്ന് മാറി ബുന്ദേല്‍ഖണ്ഡിലെ രണ്ട് സീറ്റുകളില്‍ അഖിലേഷ്യാദവ് മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്.

മന്ത്രിമാരായിരുന്ന ഷദാബ് ഫാത്തിമ, ഓംപ്രകാശ് സിംഗ്, നാരദ് റായ്, മന്ത്രി ഗായത്രി പ്രജാപതി തുടങ്ങി ശിവ്പാല്‍ യാദവിന്റെ അടുപ്പക്കാരായ 35ലധികം പേരെ ഒഴിവാക്കിയാണ് 403 പേരുടെ സാധ്യതാപട്ടിക അഖിലേഷ് യാദവ് ഇന്നലെ മുലായം സിംഗ് യാദവിന് സമര്‍പ്പിച്ചത്. മുതിര്‍ന്ന നേതാക്കളെ മറികടന്ന് അഖിലേഷ് നടത്തിയ നീക്കത്തില്‍ മുലായംസിംഗ് അതൃപ്തനാണെന്നാണ് സൂചന. പട്ടിക മുലായം അംഗീകരിച്ചിട്ടില്ല. ക്വാമി ഏക്താ ദള്ളുമായി സമാജ്വാദി പാര്‍ട്ടി സഖ്യമുണ്ടാക്കിയെങ്കിലും ഇതിനെ പരസ്യമായി എതിര്‍ത്ത അഖിലേഷ് യാദവ് സ്ഥാനാര്‍ത്ഥിപട്ടികയിലും ക്വാമി ഏക്താ ദള്ളിനെ ഒഴിവാക്കി. അഖിലേഷിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശിവ്പാല്‍ യാദവ് തള്ളി. വിജയസാധ്യതയില്ലാത്തവരുടെ പട്ടികയാണിതെന്നും പാര്‍ട്ടിയില്‍ അച്ചടക്കലംഘനം വെച്ചുപൊറുപ്പിക്കില്ലെന്നും ശിവ്പാല്‍ യാദവ് ട്വിറ്ററില്‍ കുറിച്ചു. 181 പേരടങ്ങുന്ന സ്ഥാനാര്‍ത്ഥി പട്ടിക പാര്‍ട്ടി പുറത്തിറക്കിയ ശേഷമാണ് അഖിലേഷിന്റെ നീക്കം. ഈ ആഴ്ച്ച ആദ്യം 75 എംഎല്‍എമാരുടെ യോഗം അഖിലേഷ് വിളിച്ച് ചേര്‍ത്തിരുന്നു. പാര്‍ട്ടിയില്‍ ശിവ്പാലിന്റെ നേതൃത്വത്തില്‍ മുലായം ക്യാമ്പ് പിടിമുറുക്കുമ്പോഴാണ് തുറന്നപ്പോര് പ്രഖ്യാപിച്ച് അഖിലേഷ് യാദവ് രംഗത്തെത്തിയിരിക്കുന്നത്. ഇത്തവണ യാദവ കോട്ടയായ കനൗജില്‍ നിന്ന് മാറി ബുന്ദേല്‍ഖണ്ഡിലെ രണ്ട് സീറ്റില്‍ മത്സരിക്കാന്‍ അഖിലേഷ് യാദവ് ഒരുങ്ങുന്നതായും സൂചനയുണ്ട്.