ലക്നോ: ഉത്തർ‍പ്രദേശിൽ ബിജെപിക്കെതിരെ മഹാസഖ്യ പ്രഖ്യാപനവുമായി സമാജ്‍വാദി പാർട്ടിയുടെ രജതജൂബിലി ആഘോഷവേദി. ജെഡിഎസ് നേതാവ് മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയ്ക്ക് പുറമെ, ആർജെഡിയുടെ ലാലു പ്രസാദ് യാദവ് ജെഡിയു നേതാവ് ശരത് യാദവ്, ആർഎൽഡി നേതാവ് അജിത് സിംഗ് എന്നിവരെ ലക്നൗവിലെ വേദിയിൽ ഒരുമിച്ചിരുത്തി മുലായം സിംഗ് യാദവ് ശക്തി പ്രകടനം നടത്തി.

വർഗീയ ശക്തികൾക്കെതിരെ ഒരുമിച്ച് പോരാടേണ്ടസമയമാണിതെന്നും ഇതിനായി മുലായത്തിന്റെ കീഴിൽ ഒരുമിക്കണമെന്നും എച്ച് ഡി ദേവഗൗഡ പറഞ്ഞു. ആഘോഷത്തിലേക്ക് ക്ഷണിച്ചെങ്കിലും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുത്തില്ല. ഇതിനിടെ യോഗത്തിൽ സംസാരിച്ച സമാജ്‍വാദി പാർട്ടി സംസ്ഥാന അധ്യക്ഷൻ ശിവ്പാൽ യാദവ് മുഖ്യമന്ത്രി അഖിലേഷിനെ പരോക്ഷമായി വിമർശിച്ചു. താഴേത്തട്ടിൽ നിന്നും പ്രവർത്തിച്ച് വരുന്നരും കെട്ടിയിറക്കുന്നവരും പാർട്ടിയിലുണ്ടെന്നായിരുന്നു ശിവ്പാലിന്റെ വിമർശനം.

പുതിയ തലമുറയെ പാർട്ടി അവഗണിക്കരുതെന്നായിരുന്നുവെന്നായിരുന്നു അഖിലേഷിന്റ മറുപടി. ലാലു പ്രസാദ് യാദവ് ശിവ്പാൽ യാദവിന്റെയും അഖിലേഷിന്റെയും കൈപിടിച്ചുയർത്തി ആഘോഷവേദിയിൽ ഐക്യത്തിന്റെ സന്ദേശം നൽകാൻ ശ്രമിച്ചു. ഇതിനിടെ ബിജെപിയും തെരഞ്ഞെടുപ്പ് പര്യടനയാത്ര തുടങ്ങി. പരിവർത്തൻ യാത്ര എന്ന് പേരിട്ടിരിക്കുന്ന പ്രചാരണം ഉദ്ഘാടനം ചെയ്ത പാർട്ടി അധ്യക്ഷൻ അമിത് ഷാ അടുത്തത് സംസ്ഥാനത്ത് ബിജെപി ഭരണമായിരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.