ബാഴ്സയില്‍ ലഭിക്കുന്ന പിന്തുണ ദേശീയ ടീമില്‍ മെസിക്ക് ലഭിക്കില്ല

മോസ്കോ: ബാഴ്സലോണയില്‍ ലഭിക്കുന്ന പിന്തുണ അര്‍ജന്‍റീനയില്‍ ലിയോണല്‍ മെസിക്ക് ലഭിക്കില്ലെന്ന് ഫ്രാന്‍സിന്‍റെയും ബാഴ്സയുടെയും താരമായ സാമുവേല്‍ ഉംറ്റിറ്റി. ഇതാണ് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഫ്രഞ്ച് പടയുടെ സാധ്യത വര്‍ധിപ്പിക്കുന്നതെന്നും ഡിഫന്‍ഡറായ ഉംറ്റിറ്റി പറയുന്നു. ബാഴ്സലോണയില്‍ ഒരുമിച്ച് കളിക്കുന്നതിനാല്‍ ഞാന്‍ മെസിയെ എന്നും കാണുന്നതാണ്.

അദ്ദേഹത്തെ തടഞ്ഞുനിര്‍ത്തുക എന്നുള്ളത് പ്രയാസകരമായ കാര്യമാണ്. അസാമാന്യ പ്രതിഭയുള്ള താരമാണ് ലിയോ. അവനെ തടഞ്ഞു നിര്‍ത്താന്‍ ശ്രമിക്കുമെങ്കിലും മെസി മാത്രമല്ല അര്‍ജന്‍റീനിയന്‍ ടീമില്‍ ഉള്ളതെന്ന ബോധ്യവും ഞങ്ങള്‍ക്കുണ്ട്. അവര്‍ക്ക് വേറെയും മുന്നേറ്റനിര താരങ്ങളുണ്ട്. പക്ഷേ, ലൂയിസ് സുവാരസ് ബാഴ്സയിലുള്ളതിനാല്‍ മെസിക്ക് കുറച്ച് ആശ്വാസമുണ്ട്.

അര്‍ജന്‍റീനയില്‍ വരുമ്പോള്‍ കഴിഞ്ഞ എട്ട് മത്സരങ്ങളിലും ഗോള്‍ അടിക്കാത്ത ഗോണ്‍സാലോ ഹിഗ്വിന്‍ ആയതിനാല്‍ ലിയോയുടെ സമ്മര്‍ദം വര്‍ധിക്കും. കൂടാതെ, ഒരു രാജ്യത്തിന്‍റെ എല്ലാ പ്രതീക്ഷകളും ഒറ്റയ്ക്ക് ചുമലിലേറ്റുകയാണ് അദ്ദേഹം. ബാഴ്സലോണയിലെ മെസിയെയാവില്ല അര്‍ജന്‍റീനിയന്‍ ജഴ്സിയില്‍ ഞങ്ങള്‍ക്ക് നേരിടേണ്ടി വരിക. ബാഴ്സയിലെ താരങ്ങള്‍ ഒപ്പമില്ല, കളി ശെെലിക്ക് പോലും വ്യത്യാസമുണ്ട്.

പക്ഷേ, പല ഘട്ടത്തിലും അര്‍ജന്‍റീനയെ രക്ഷിച്ചെടുക്കാന്‍ മെസിക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍, എപ്പോഴും എല്ലാ കാര്യവും ഒറ്റയ്ക്ക് ലിയോയ്ക്ക് ചെയ്യാനാകില്ലെന്നും ഉംറ്റിറ്റി പറഞ്ഞു. അര്‍ജന്‍റീനയും ഫ്രാന്‍സും തമ്മിലുള്ള മത്സരം ബാഴ്സയിലെ സഹതാരങ്ങളായ ഇരുവരും തമ്മലുള്ള പോരാട്ടമായി കൂടെ വിശേഷിപ്പിക്കുന്നുണ്ട്. മുന്നേറ്റ നിരയിലെ കരുത്തനായ മെസിയെ അടുത്തറിയാവുന്ന ഫ്രഞ്ച് ടീമിലെ പ്രതിരോധനിര താരമാണ് ഉംറ്റിറ്റി.