കാസര്‍ഗോഡ്: പാണത്തൂരില്‍ മൂന്നു വയസുകാരി സന ഫാത്തിമയെ കാണാതായതില്‍ ദുരൂഹതയേറുന്നു. കുട്ടി ഒഴുക്കില്‍ പെട്ടെന്ന് സംശയിക്കുന്ന നീര്‍ച്ചാലിലും പുഴയിലും ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.

ജില്ലാ കളക്ടര്‍ ആവശ്യപ്പട്ടതനുസരിച്ച് ദേശീയ ദുരന്ത നിവാരണ സേനയുടെ കൊല്ലം യൂണിറ്റിലെ വിദഗ്ദരാണ് പരിശോധനയ്‌ക്കെത്തിയത്. സ്കൂബ് ക്യാമറ അടക്കമുള്ള ആധുനിക ഉപകരണങ്ങളോടെയായിരുന്നു പരിശോധന. വീടിന് സമീപമുള്ള നീര്‍ച്ചാല്‍ മുഴുവന്‍ സംഘം ക്യാമറ ഉപയോഗിച്ച് പരിശോധിച്ചു. ഭൗമ ശാസ്‌ത്ര പഠന കേന്ദ്രത്തിലെ വിദഗ്ദരും തിരച്ചിലിന് നേതൃത്വം നല്‍കാനെത്തിയിരുന്നു. നാലു മണിക്കൂര്‍ നീണ്ട പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. 

അഗ്നി ശമനസേനയും തീരദേശ പൊലീസും പാണത്തൂര്‍ പുഴയില്‍ ഇന്നും പരിശോധന നടത്തി. മുങ്ങല്‍ വിദഗ്ദരുടെ നേതൃത്വത്തില്‍ അഞ്ച് കിലോമീറ്റര്‍ ദൂരം പുഴയുടെ അടിത്തട്ടിലാണ് തെരച്ചില്‍ നടത്തിയത്. വെള്ളരിക്കുണ്ട് സി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കുട്ടിയുടെ ബന്ധുക്കളില്‍ നിന്നും മൊഴിയെടുത്തു. കുട്ടിയെ ആരെങ്കിലും തട്ടികൊണ്ടുപോയതാകാമെന്ന സംശയമാണ് ബന്ധുക്കള്‍ ഉന്നയിച്ചത്.