കാസർകോട്: കാസർകോട് കാണാതായ മൂന്ന് വയസ്സുകാരി സനാ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി. ഒരാഴ്ചയോളം നീണ്ട തെരച്ചിലിനൊടുവില്‍ ചന്ദ്രഗിരി പുഴയിൽ നിന്നാണ് സനാ ഫാത്തിമയുടെ മൃതദേഹം കിട്ടിയത്. നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ വ്യാഴാഴ്ച വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സനാ ഫാത്തിമയെ കാണാതായത്.

ദേശീയ ദുരന്ത നിവാരണ സേനയിലെ വിദഗ്ദരടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇവിടെ നിന്ന് ഒരു കിലോമീറ്ററോളം താഴെയുള്ള പവിത്രങ്കയം എന്ന സ്ഥലത്ത് നിന്നാണ് ഇപ്പോള്‍ മൃതദേഹം കണ്ടെടുത്തത്. കുട്ടിയെ കാണാതായ സ്ഥലം മുതല്‍ പുഴ കടലില്‍ ചേരുന്ന സ്ഥലം വരെ ബഹുജനങ്ങളുടെ സഹായത്തോടെ തെരച്ചില്‍ നടത്താന്‍ ജില്ലാ കളക്ടറും പൊലീസും ആഹ്വാനം നല്‍കിയിരുന്നു. ഇത് ഏറ്റെടുത്ത് പല സ്ഥലത്തും തെരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്.

കുട്ടിയെ നാടോടി സംഘം തട്ടിക്കൊണ്ടുപോയി എന്നടക്കമുള്ള അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. തെരച്ചില്‍ നടത്താന്‍ കര്‍ണ്ണാടക പൊലീസിനും നിര്‍ദ്ദേശം നല്‍കിയിരുന്നു.ഇതിനിടെയാണ് ഇന്ന് നടന്ന തെരച്ചിലില്‍ പാണത്തൂരിന് സമീപം പവിത്രങ്കയത്തില്‍ പുഴയിലെ മരത്തില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയതെന്ന് ജില്ലാ കളക്ടര്‍ ജീവന്‍ ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.