സനല്‍കുമാറിന്‍റെ കൊലപാതകത്തിന്‍റെ അന്വേഷണം മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥന് ഉടന്‍ കൈമാറണമെന്ന് സനലിന്‍റെ സഹോദരി സൗമ്യ 

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ സനല്‍കുമാറിന്‍റെ കൊലപാതകത്തിന്‍റെ അന്വേഷണം മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥന് ഉടന്‍ കൈമാറണമെന്ന് സനലിന്‍റെ സഹോദരി സൗമ്യ ആവശ്യപ്പെട്ടു. ഉടൻ തീരുമാനം പ്രതീക്ഷിക്കുന്നതായി സൗമ്യ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ വ്യക്കതമാക്കി. ഓരോ ദിവസം കഴിയുന്തോറും പൊലീസിലുള്ള വിശ്വാസം നഷ്ടമാകുന്നുവെന്നും ഹരികുമാറിന് സേനക്കുള്ളിൽ നിന്നു സഹായം ലഭിക്കുന്നുണ്ടെന്നും സൗമ്യ വ്യക്തമാക്കി. 

അതേസമയം ഡിവൈഎസ്പി ഹരികുമാർ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. നെയ്യാറ്റിന്‍കരയില്‍ ഏറെ ശത്രുക്കളുള്ളതിനാല്‍ ഇയാള്‍ കൊല്ലത്തെ ഏതെങ്കിലും കോടതിയിൽ കീഴടങ്ങാൻ ശ്രമിച്ചേക്കുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. ഇതിനിടെ ഡിവൈഎസ്പി ഹരികുമാറിനെ ഇതുവരെ പിടികൂടാത്തതിൽ നെയ്യാറ്റിൻകരയിൽ ശക്തമായ പ്രതിഷേധം തുടരുകയാണ്. 

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുമുള്ള സ്വാധീനവും പൊലീസ് അസോസിയേഷന്‍ ജില്ലാ നേതാവിന്‍റെ ശക്തമായ പിന്തുണയുമാണ് ഹരികുമാറിനെ ഇത്രയും നാള്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചത്. മൂന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ കോടതി 14 ദിവസത്തേക്ക് മാറ്റിവച്ചതാണ് ഹരികുമാറിനേറ്റ തിരിച്ചടി. ഇതാണ് കീഴടങ്ങുന്നതിനെ കുറിച്ചാലോചിക്കാന്‍ ഹരികുമാറിനെ പ്രയരിപ്പിക്കുന്ന പ്രധാന ഘടകം. 

അഴിമതി ആരോപണത്തിൽ വകുപ്പ് തല അന്വേഷണം നേരിടുന്ന സമയത്താണ് ഹരികുമാറിന് സ്ഥാനക്കയറ്റം ലഭിക്കുന്നതും നെയ്യാറ്റിൻകര ഡിവൈഎസ്പിയായി ചുമതല ഏൽക്കുന്നതും. ക്വാറി, മണൽ മാഫിയയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് മൂന്ന് തവണ ഇന്‍റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു. എന്നിട്ടും ഇയാളെ നെയ്യാറ്റിൻകരയിലിൽ നിന്ന് മാറ്റിയില്ലെന്നും ആരോപണമുണ്ട്. ഇപ്പോൾ പ്രധാന സാക്ഷിയായ മാഹിനെ ഭീഷണിപ്പെടുത്തിയതിന് പിന്നിൽ ഹരികുമാർ സാഹിച്ചിരുന്ന മാഫിയസംഘങ്ങളുടെ പങ്ക് സംശയിക്കുന്നു.