ആ കുട്ടികൾ സുരക്ഷിതരായി വീട്ടിലെത്താൻ ഞാൻ പ്രാർത്ഥിക്കുന്നു രക്ഷാപ്രവർത്തനത്തിൽ മരണപ്പെട്ട നേവി ഉദ്യോഗസ്ഥന് ആദരാജ്ഞലി അർപ്പിക്കുന്നു
തായ് ലാന്റ്: വടക്കൻ തായ് ലാന്റിലെ തം ലുവാങ്ങ് ഗുഹയിൽ അകപ്പെട്ട കുട്ടികൾക്ക് വേണ്ടി മണൽ ശിൽപ്പമൊരുക്കി ഒറീസ സ്വദേശിയായ അന്തർദ്ദേശീയ സാൻഡ് ആർട്ടിസ്റ്റ് സുദർശൻ പട്നായിക്. ഒഡിഷയിലെ പുരി ബീച്ചിൽ സുദർശൻ ഒരുക്കിയ മണൽശിൽപം ഈ കുട്ടികൾക്ക് വേണ്ടിയുള്ള പ്രാർത്ഥനയാണ്. രക്ഷാ പ്രവർത്തനത്തിൽ മരണപ്പെട്ട സമൻ കുനാൻ എന്ന നേവി ഉദ്യോഗസ്ഥന് ആദരാജ്ഞലി അർപ്പിച്ചും മണൽശിൽപം തയ്യാറാക്കിയിട്ടുണ്ട്.
രണ്ടാഴ്ച മുമ്പാണ് പന്ത്രണ്ട് കുട്ടികളും കോച്ചും വടക്കൻ തായ് ലാന്റിലെ തം ലുവാങ് ഗുഹയിൽ അകപ്പെട്ട് പോയത്. അപ്രതീക്ഷിതമായി മഴ പെയ്തതിനെത്തുടർന്ന് ഗുഹാമുഖം ഇടിഞ്ഞ് വീഴുകയും ഗുഹയ്ക്കുള്ളിൽ വെള്ളം നിറയുകയുമായിരുന്നു. തന്റെ മണൽ ശിൽപ്പത്തിലും ഇതേ സംഭവം തന്നെയാണ് ആർട്ടിസ്റ്റ് സുദർശൻ പട്നായിക് സ്വീകരിച്ചിരിക്കുന്നത്. യഥാർത്ഥ ഹീറോയ്ക്ക് ആദരാജ്ഞലികൾ എന്നാണ് സമൻ കുനാന്റെ ശിൽപത്തിലെ വാക്കുകൾ. അഞ്ച് ടൺ മണൽ ഉപയോഗിച്ച് മൂന്ന് മണിക്കൂർ കൊണ്ടാണ് സുദർശൻ ഈ ശിൽപം പൂർത്തിയാക്കിയത്. ഇവയ്ക്ക് നാലടി ഉയരമുണ്ട്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ ശിൽപങ്ങളുടെ ചിത്രം സുദർശൻ പങ്ക് വച്ചിരിക്കുന്നത്.
''ആ കുട്ടികൾ സുരക്ഷിതരായി വീട്ടിലെത്താൻ ഞാൻ പ്രാർത്ഥിക്കുന്നു. അതുപോലെ രക്ഷാ പ്രവർത്തനത്തിൽ മരണപ്പെട്ട നേവി ഉദ്യോഗസ്ഥന് ആദരാജ്ഞലി അർപ്പിക്കുകയും ചെയ്യുന്നു'' സുദർശൻ പറയുന്നു. പന്ത്രണ്ട് കുട്ടികളിൽ എട്ട് പേരെ പുറത്തെത്തിച്ചു കഴിഞ്ഞു. ഇനി നാല് കുട്ടികളും കോച്ചും കൂടി മാത്രമേ ഗുഹയിൽ അവശേഷിക്കുന്നുള്ളൂ. ഇവരെ രക്ഷപ്പെടുത്താനുള്ള മൂന്നാം ഘട്ട രക്ഷാ പ്രവർത്തനത്തിലാണ് ഇപ്പോൾ തായ് നേവി ഉദ്യോഗസ്ഥർ. ലോകം മുഴുവനും ഇപ്പോൾ ഈ കുഞ്ഞുങ്ങളുടെ രക്ഷയിലേക്കാണ് പ്രാർത്ഥനകളോടെ കാത്തിരിക്കുന്നത്.
