ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന് നോർവേ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. സംരക്ഷണവാദത്തിന് പകരം തുറന്ന വ്യാപാരമാണ് ലോകത്തിന് ആവശ്യമെന്ന് വ്യക്തമാക്കിയ നോർവീജിയൻ അംബാസഡർ
ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ അന്തിമഘട്ടത്തിലെത്തി നിൽക്കുന്ന സ്വതന്ത്ര വ്യാപാര കരാറിന് പൂർണ്ണ പിന്തുണയുമായി നോർവേ. ലോകം കണ്ട ഏറ്റവും വലിയ വ്യാപാര കരാറുകളിലൊന്നായി ഇതിനെ വിശേഷിപ്പിക്കുമ്പോഴും, സംരക്ഷണവാദത്തിന് പകരം തുറന്ന വ്യാപാര നയമാണ് ലോകത്തിന് ആവശ്യമെന്ന് നോർവേ അംബാസഡർ മെയ്-എലിൻ സ്റ്റീനർ വ്യക്തമാക്കി. ദൈശീയ മാധ്യമത്തന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അവർ നോർവേയുടെ നിലപാട് വ്യക്തമാക്കിയത്.
നോർവേ യൂറോപ്യൻ യൂണിയന്റെ ഭാഗമല്ലെങ്കിലും, ഇന്ത്യയുമായി ഒക്ടോബർ ഒന്നിന് നിലവിൽ വന്ന വ്യാപാര കരാറിലൂടെ നോർവേയുടെ ബന്ധം ഇതിനകം തന്നെ ശക്തമായിട്ടുണ്ട്. ഇന്ത്യ-ഇയു കരാർ നിലവിൽ വരുന്നത് നോർവേയ്ക്കും ഗുണകരമാകും. നോർവേയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി യൂറോപ്യൻ യൂണിയനാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് യുദ്ധങ്ങളോടും സംരക്ഷണവാദത്തോടും നോർവേ വിയോജിക്കുന്നു. ചെറിയ രാജ്യമായ നോർവേയ്ക്ക് തുറന്ന വ്യാപാരമാണ് ഗുണകരമെന്ന് അംബാസഡർ ചൂണ്ടിക്കാട്ടി.
ട്രംപിന്റെ നേതൃത്വത്തിലുള്ള ബോർഡ് ഓഫ് പീസ് സമാധാന ശ്രമങ്ങളിൽ നോർവേ പങ്കാളിയാകില്ല. ഈ സംവിധാനം ഐക്യരാഷ്ട്രസഭയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിൽ കൂടുതൽ വ്യക്തത വേണമെന്ന് നോർവേ ആവശ്യപ്പെട്ടു. ഡാവോസിലെ ഒപ്പിടൽ ചടങ്ങിൽ നിന്ന് നോർവേ വിട്ടുനിന്നത് ശ്രദ്ധേയമായിരുന്നു. തനിക്ക് നോബൽ പുരസ്‌കാരം ലഭിക്കണമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കും സ്റ്റീനർ മറുപടി നൽകി. നോബൽ കമ്മിറ്റി സ്വതന്ത്രമാണെന്നും അതിൽ നോർവീജിയൻ സർക്കാരിന് ഇടപെടാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി.
ഇന്ത്യയും നോർവേയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ഈ വർഷം നിർണ്ണായകമാകും. ഈ വർഷം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി നോർവേ സന്ദർശിക്കുമെന്ന് റിപ്പോർട്ടുണ്ട്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-സാമ്പത്തിക ബന്ധം കൂടുതൽ ഊഷ്മളമാക്കും. അടുത്ത മാസം ഇന്ത്യയിൽ നടക്കുന്ന നിർമ്മിത ബുദ്ധി ഉച്ചകോടിയിൽ നോർവേയിൽ നിന്നുള്ള വലിയൊരു സംഘം പങ്കെടുക്കും.എഐയുടെ ജനാധിപത്യവൽക്കരണം എന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് നോർവേ പൂർണ്ണ പിന്തുണ നൽകുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


