തൊടുപുഴ: നിരവധി ചന്ദന മോഷണ കേസുകളിൽ പ്രതിയായ പെരടിപ്പളളം ശേഖർ മറയൂരിൽ പിടിയിലായ്. തമിഴ്നാട്ടിലേക്കു കടക്കാനുളള ശ്രമത്തിനിടെ വനംവകുപ്പു നടത്തിയ നീക്കത്തിലാണ് ശേഖർ അറസ്റ്റിലായത്.

വർഷങ്ങളായ് നേരിട്ടും ഇടനിലക്കാരനായും മറയൂരിൽ നിന്ന് ചന്ദനം കടത്തിയിരുന്നയാളാണ് പിടിയിലായ ശേഖർ. പന്ത്രണ്ടു കേസുകളിൽ പ്രതിയായ ശേഖറിനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ഏഴു വർഷത്തെ പരിശ്രമത്തിനാണ് വിരാമമായത് . രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് ചൊവ്വാഴ്ച കോവിൽ കടവിൽ നിന്നാണ് ഓട്ടോ റിക്ഷയിൽ സഞ്ചരിച്ചിരുന്ന പ്രതിയെ വനംവകുപ്പ് പിടികൂടിയത്. കഴിഞ്ഞ വർഷം വനപാലകരെ ആക്രമിച്ച് രക്ഷപ്പെട്ടയാളാണ് പ്രതിയെന്നും റയ്ഞ്ചോഫീസർ പറഞ്ഞു.

ഒളിവിൽ നിന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് തമിഴ്നാട്ടിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശേഖർ പിടിയിലാകുന്നത്. ഇതിനിടെ കീഴടങ്ങാനെത്തിയ ശേഖറിനെ അറസ്റ്റ് ചെയ്ത് മർദ്ദിച്ചതായ് ആരോപിച്ച് സിപിഎം പ്രവർത്തകർ പ്രതിഷേധവുമായെത്തി. എന്നാൽ ആരോപണം നിഷേധിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർ തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും അറിയിച്ചു.