ശാന്തിയുടെ പ്രതികരണം ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. ശബരിമലയിൽ പോയതെങ്ങനെയെന്ന് ശാന്തി പറയുന്ന വീഡിയോ ഇവിടെ.

ചെന്നൈ: ശബരിമല ദര്‍ശനം നടത്തിയെന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയിലെ 48 വയസ്സുകാരി ശാന്തി. വെല്ലൂര്‍ സ്വദേശിയാണ് ശാന്തി. സര്‍ക്കാര്‍ കോടതിയില്‍ പന്ത്രണ്ടാമതായാണ് ശാന്തിയുടെ പേരുള്ളത്. തിരിച്ചറിയല്‍ രേഖയിലും ഇവര്‍ക്ക് 48 വയസ്സാണ്. നവംബറിലാണ് ദര്‍ശനം നടത്തിയതെന്നും ശാന്തി പറഞ്ഞു. 52 അംഗ തീര്‍ത്ഥാടക സംഘത്തിനൊപ്പമാണ് ശാന്തി ദര്‍ശനം നടത്തിയത്. 

സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ശബരിമലയില്‍ കയറിയ യുവതികളുടെ പട്ടിക തെറ്റാണെന്ന വാദം കത്തുന്ന സാഹചര്യത്തിലാണ് ശാന്തിയുടെ വെളിപ്പെടുത്തല്‍. 

ശാന്തിയുടെ പ്രതികരണം ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. ശബരിമലയിൽ പോയതെങ്ങനെയെന്ന് ശാന്തി പറയുന്നത് കാണാം:

അതേസമയം, പട്ടികയില്‍ വീണ്ടും പുരുഷന്‍റെ പേരുണ്ടെന്ന് കണ്ടെത്തി. കലൈവതി എന്ന പേരില്‍ രേഖപ്പെടുത്തിയത് ടാക്സി ഡ്രൈവറായ ശങ്കറിന്‍റെ ആധാര്‍ നമ്പറും മൊബൈല്‍ നമ്പറുമാണ്. എന്നാല്‍ താന്‍ ശബരിമലയില്‍ പോയിട്ടില്ലെന്നും ഇവരുടെ കുടുംബത്തില്‍ കലൈവതി എന്ന സ്ത്രീയില്ലെന്നും ശങ്കര്‍ പറഞ്ഞു.

സർക്കാരിന് യുവതികളുടെ പട്ടികയിൽ ആശയക്കുഴപ്പമില്ലെന്നാണ് ഇപ്പോഴും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറയുന്നത്. എന്നാൽ സർക്കാർ ഒരു പട്ടിക കൊടുത്തെങ്കിൽ അതിന്റെ ഉത്തരവാദിത്തം സർക്കാരിന് തന്നെയാണെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കുന്നു. പട്ടികയെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നും ദേവസ്വംബോർഡിന് എത്ര സ്ത്രീകൾ കയറിയെന്നറിയില്ലെന്നും ബോർഡ് പ്രസിഡന്റ് എ പദ്മകുമാറും വ്യക്തമാക്കുന്നു. പട്ടികയുടെ ഉത്തരവാദിത്തം ദേവസ്വംബോർഡിനില്ലെന്നാണ് പദ്മകുമാറിന്റെ നിലപാട്.

 സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ശബരിമലയിലെത്തിയ യുവതികളുടെ പട്ടികയില്‍ സര്‍ക്കാര്‍ ആരുടേയും പേര് എഴുതി ചേര്‍ത്തിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി. ഓണ്‍ലൈൻ വഴി എത്തിയവരുടെ വിവരങ്ങളാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത് എന്നും കോടിയേരി പറഞ്ഞു.