തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഭരണകൂടം ജനങ്ങള്‍ക്ക് നല്‍കിയില്ല എന്ന പരാതി ഉയരുമ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരെ പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ് രംഗത്ത്. ജനങ്ങളുടെ നികുതി പണം ശമ്പളമായി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കടലില്‍ മരണത്തോട് മല്ലിടിക്കുന്ന മത്സ്യത്തൊഴിലാളികളുടെ നികുതി പണമാണ് ശമ്പളമായി വാങ്ങുന്നതെന്ന് ഓര്‍ക്കണമെന്നും സാറാ ജോസഫ് ഓര്‍മ്മിപ്പിക്കുന്നു. രാഷ്ട്രീയക്കാരെയും കണക്കിന് പരിഹസിക്കുന്ന സാറാ ജോസഫ് അധികാരത്തിന്റെയും ഉദ്യോഗത്തിന്റെയും ധൂര്‍ത്തില്‍ സുഖഭോഗ ജീവിതം നയിക്കുന്ന അധികാരിവര്‍ഗ്ഗം മത്സ്യത്തൊളിലാളികളുടെ ജീവനും വിലയുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നു.
സാറാ ജോസഫിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
ഓഖി പാളിച്ചകള്‍ ഗുരുതരമെന്ന് ചാനലുകള്‍ മത്സത്തൊഴിലാളികള്‍ കടലില്‍ കുടുങ്ങിയിരിയ്ക്കുന്നു ആരാണ് ഉത്തരവാദികള്‍? മത്സ്യത്തൊഴിലാളികള്‍ സഹകരിച്ചില്ലെന്ന് പറഞ്ഞ് കയ്യൊഴിയാന്‍ ലജ്ജയില്ലേ അധികാരികള്‍ക്ക് ?
അന്നന്നത്തെ അപ്പത്തിനു വേണ്ടി ജീവന്‍ വിലവെക്കാതെ കടലില്‍ പോയേ പറ്റൂ എന്ന ജീവിതാവസ്ഥയിലുള്ള മത്സ്യത്തൊഴിലാളികളെവിടെ, അധികാരത്തിന്റെയും ഉദ്യോഗത്തിന്റെയും ധൂര്‍ത്തില്‍ സുഖഭോഗ ജീവിതം നയിക്കുന്ന അറിവും പഠിപ്പമുള്ള നിങ്ങളെവിടെ ?
എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് യഥാസമയം ശക്തമായ നടപടികള്‍ എടുക്കാന്‍ കഴിയാഞ്ഞത് ?
നിങ്ങളുടെ ഉപേക്ഷ തന്നെയാണ് കാരണമെന്ന് ഞങ്ങള്‍ക്കറിയാം.
നഷ്ടപ്പെടുന്ന ഓരോ ജീവനും നിങ്ങള്‍ ഉത്തരം പറയണം.
നിങ്ങളുടെ ഒഴിവുകഴിവുകളും കാരണം പറച്ചിലുകളും ഞങ്ങള്‍ക്ക് കേള്‍ക്കണ്ട.
കടലില്‍പെട്ടു പോയവര്‍ വിലപ്പെട്ട മനുഷ്യരാണ്. നിങ്ങള്‍ക്കവര്‍ നിസ്സാരമായിരിക്കാം. അത് വേറെ വിഷയം.
മരണാനന്തര നഷ്ടപരിഹാരം നല്കി സമാധാനിപ്പിക്കാമെന്നാവും നിങ്ങളുടെ വിചാരം.
അത് നിങ്ങളുടെ ഔദാര്യമല്ല; ജനങ്ങളുടെ നികുതിപ്പണമാണ്. ചെയ്യേണ്ട ജോലി ചെയ്യേണ്ട സമയത്ത് ചെയ്യാതിരുന്ന
ഉദ്യോഗസ്ഥ പ്രമാണിമാര്‍ ഒന്ന് മനസ്സിലാക്കണം കടലില്‍ മരണത്തോട് മല്ലടിച്ചു കൊണ്ടിരിയ്ക്കുന്ന ആ മത്സ്യത്തൊഴിലാളികളുടെ കൂടി നികുതിപ്പണമാണ് നിങ്ങളുടെ ശമ്പളം.
ജനപ്രതിനിധികളെപ്പറ്റി എന്തു പറയാന്‍!
പൂച്ച എങ്ങനെ വീണാലും നാലു കാലില്‍ വീഴുന്ന ദുസ്സാമര്‍ത്ഥ്യമാണ് അവരുടെ കൈമുതല്‍.
കഷ്ടം!

