പാക്കിസ്ഥാനില്‍ നടക്കേണ്ട സാര്‍ക്ക് ഉച്ചകോടി മാറ്റിവെച്ചു. ഇന്ത്യ ഉള്‍പ്പടെ അഞ്ച് രാജ്യങ്ങള്‍ ഉച്ചകോടിയില്‍ നിന്ന് പിന്മാറിയ സാഹചര്യത്തിലാണ് ഉച്ചകോടി മാറ്റിവെച്ചത്. ഇന്ത്യ യുദ്ധം അടിച്ചേല്പിച്ചാല്‍ നേരിടുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് വ്യക്തമാക്കി. ഇതിനിടെ തീവ്രവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നീക്കങ്ങളെ പിന്തുണച്ച് റഷ്യരംഗത്തെത്തി.
ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍ ഉള്‍പ്പടെ അഞ്ച് രാജ്യങ്ങള്‍ പിന്മാറുന്നതായി അറിയിച്ചതോടെയാണ് പാക്കിസ്ഥാനില്‍ നടക്കേണ്ടിയിരുന്ന സാര്‍ക്ക് ഉച്ചകോടി മാറ്റിവെച്ചത്. മേഖലയിലെ അന്തരീക്ഷം ഇത്തരമൊരു ഉച്ചകോടിക്ക് അനുയോജ്യമല്ലെന്ന് വ്യക്തമാക്കി ഇന്ത്യക്ക് പിന്നാലെ ഇന്ന് ശ്രീലങ്കയിലും പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു. ഭീകരവാദം ലോകത്തിന് ആകെ ഭീഷണിയാണെന്ന് ഇതു നേരിടാന്‍ ശക്തമായ നടപടിവേണമെന്നും ശ്രീലങ്കയുടെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ഇന്ത്യന്‍ ആക്രമണത്തില്‍ കനത്ത തിരിച്ചടിയേറ്റ പാക്കിസ്ഥാന്‍ കൂടിയാലോചനകള്‍ തുടരുകയാണ്. പ്രധാനമന്ത്രി നവാസ് ഷെരീഫ് പാക് മന്ത്രിസഭയുടെ അടിയന്തിര യോഗം വിളിച്ചുചേര്‍ത്തു. അടുത്ത ആഴ്ച പാക്കിസ്ഥാന്‍ മന്ത്രിസഭയുടെ പ്രത്യേക യോഗവും ചേരും. രാജ്യം സൈന്യത്തിനൊപ്പം നില്‍ക്കുകയാണെന്ന് നവാസ് ഷെരീഫ് യോഗത്തിന് ശേഷം പറഞ്ഞു. ഇന്ത്യ യുദ്ധത്തിന് പ്രേരിപ്പിച്ചാല്‍ വെല്ലുവിളി ഏറ്റെടുക്കുമെന്നും നവാസ് ഷെരീഫ് പ്രസ്താവിച്ചു. ഏത് ബാഹ്യ ആക്രമണവും നേരിടുമെന്നും നവാസ് ഷെരീഫ് പറഞ്ഞു. ചൈനയുടെ പിന്തുണ തേടി ദേശീയ അസംബ്ളി അംഗങ്ങളായ മഗ്ദു ഖുഷ്രോ ഭക്ത്യാദ്, അലാം ദാദ് ലലേക എന്നിവരെ ദൂതന്മാരായി നവാസ് ഷെരീഫ് അയച്ചു. അതിര്‍ത്തിയില്‍ ഇന്ത്യ പ്രകോപനം ഉണ്ടാക്കുന്നു എന്ന് പരാതിപ്പെട്ടാണ് ചൈനീസ് പിന്തുണക്കുള്ള പാക് നീക്കം. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന നിലപാട് ചൈന ആവര്‍ത്തിച്ചുവെന്നാണ് സൂചന.
പാക്കിസ്ഥാനിലെ സംഭവവികാസങ്ങളില്‍ ആശങ്കയുണ്ടെന്നും ജീഹാദികള്‍ രാജ്യം പിടിച്ചെടുക്കാനിടയുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ളിന്‍റന്‍ മുന്നറിയിപ്പ് നല്‍കി. തീവ്രവാദത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിന് പിന്തുണയുമായി റഷ്യയും രംഗത്തെത്തി. തീവ്രവാദം ഇല്ലാതത്തെ അടിച്ചമര്‍ത്താന്‍ പാക്കിസ്ഥാന്‍ നടപടിയെടുക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു.
