മലയാളിയുടെ പ്രിയപ്പെട്ട മത്സ്യ ഇനമായ മത്തിയുടെ ഉല്‍പ്പാദനം 2012ല്‍ 8.39 ലക്ഷം ടണ്ണായിരുന്നു. ഇപ്പോഴിത് വെറും 68,00 ടണ്ണായികുറഞ്ഞെന്നാണ് കൊച്ചിയിലെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോര്‍ട്ട്. സംസ്ഥാനത്തെ മത്സ്യമേഖലയെ മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ വിളിച്ച്ചേര്‍ത്ത യോഗത്തില്‍ വിദഗ്ധര്‍ ഈ റിപ്പോര്‍ട്ട് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്‌ക്ക് കൈമാറി. അനിയന്ത്രിതമായ മല്‍സ്യബന്ധനം, കാലാവസ്ഥാ വ്യതിയാനം, അമിതമായ തോതില്‍ മത്സ്യക്കുഞ്ഞുങ്ങളെ പിടിച്ചെടുക്കല്‍ ഇവയെല്ലാം മത്തിയ്‌ക്ക് തിരിച്ചടിയാകുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

മത്തിയുടെ ക്ഷാമം മൂലം 150 കോടിയുടെ നഷ്‌ടമാണുണ്ടായത്. മത്സ്യമേഖലയില്‍ 28.2 ശതമാനം പേര്‍ക്ക് തൊഴില്‍ നഷ്‌ടപ്പെട്ടു. 73,000 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പ്രതിസന്ധിയിലാണ്. മത്തി മാത്രമല്ല അയലയും വളരെ തുച്ഛമായ അളവിലാണ് ലഭിയ്‌ക്കുന്നത്. മത്തിക്കൂട്ടം കേരളതീരം വിട്ട് അനുയോജ്യമായ തീരങ്ങളിലേയ്‌ക്ക് പോവുകയാണ്. ആന്ധ്ര, മഹാരാഷ്‌ട്ര, ഗുജറാത്ത്, ഒറീസ എന്നിവിടങ്ങളിലാണ് മത്തി ലഭ്യത കൂടുതല്‍. അതിനിടെ മത്സ്യത്തൊഴിലാളികളുടെ കട ബാധ്യതയടക്കം സര്‍ക്കാര്‍ എഴുതിത്തള്ളണമെന്ന ആവശ്യവുമായി മല്‍സ്യ തൊഴിലാളി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.