ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമമായ ന്യൂസ് മിനിട്ട്സ് റിപ്പോര്‍ട്ടര്‍ സരിതാ ബാലനു നേരെയാണ് ആക്രമണമുണ്ടായത്. പമ്പയിലേക്കുള്ള യാത്രാമധ്യേയാണ് സരിതയ്ക്കു നേരെ ആക്രമണമുണ്ടായത്. ബസിനകത്തുണ്ടായിരുന്ന അയ്യപ്പഭക്തന്‍മാര്‍ മാന്യമായി പെരുമാറിയപ്പോള്‍ നിലയ്ക്കല്‍ മേഖലയില്‍ തമ്പടിച്ച ആള്‍കൂട്ടമാണ് ആക്രമിച്ചതെന്ന് സരിത പറയുന്നു

പമ്പ: ശബരിമല പ്രതിഷേധങ്ങള്‍ ആക്രമണ സ്വഭാവത്തിലേക്ക്. നിലയ്ക്കല്‍ മേഖലയിലൂടെ സഞ്ചരിക്കുന്ന യുവതികള്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുന്നതായി പരാതി. ശബരിമല പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ റിപ്പബ്ലിക് ടിവി സംഘത്തിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ ബസില്‍ കയറി മറ്റൊരു മാധ്യമ പ്രവര്‍ത്തകയെ ആക്രമിച്ചു.

ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമമായ ന്യൂസ് മിനിട്ട്സ് റിപ്പോര്‍ട്ടര്‍ സരിതാ ബാലനു നേരെയാണ് ആക്രമണമുണ്ടായത്. പമ്പയിലേക്കുള്ള യാത്രാമധ്യേയാണ് സരിതയ്ക്കു നേരെ ആക്രമണമുണ്ടായത്. ബസിനകത്തുണ്ടായിരുന്ന അയ്യപ്പഭക്തന്‍മാര്‍ മാന്യമായി പെരുമാറിയപ്പോള്‍ നിലയ്ക്കല്‍ മേഖലയില്‍ തമ്പടിച്ച ആള്‍കൂട്ടമാണ് ആക്രമിച്ചതെന്ന് സരിത പറയുന്നു.ബസിനുള്ളില്‍ നിന്ന തന്നെ കണ്ടതോടെ ആള്‍ക്കൂട്ടം ഇരച്ച്കയറി അസഭ്യവര്‍ഷം നടത്തിയെന്നും ബസില്‍ നിന്ന് ഇറക്കിവിട്ടെന്നും സരിത വ്യക്തമാക്കി.

ന്യൂസ് 18 മാധ്യമസംഘത്തിന് നേരെയും ആക്രമണമുണ്ടായി. ഇവര്‍ സഞ്ചരിച്ച കാര്‍ അടിച്ച് തകര്‍ക്കുകയും മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണവും നടത്തി. കടുത്ത ഭാഷയിലുള്ള അസഭ്യവര്‍ഷവും ഉണ്ടായി. നേരത്തെ റിപ്പബ്ലിക് ടിവി സംഘം സഞ്ചരിച്ച കാര്‍ അടിച്ച് തകര്‍ക്കുകയും മാധ്യമപ്രവര്‍ത്തക പൂജ പ്രസന്നയ്ക്ക് നേരെ ആക്രമണം നടത്തുകയുമായിരുന്നു. കലാപഭീതിയുണര്‍ത്തിയ പ്രതിഷേധക്കാരില്‍ പലരും മുഖം മറച്ചാണ് ആക്രമണം നടത്തിയത്.