തിരുവനന്തപുരം: ഫോണ്‍ കെണി കേസില്‍ കുറ്റവിമുക്തനായ മുന്‍ഗതാഗതമന്ത്രി എ കെ ശശീന്ദ്രന് മന്ത്രിസഭയിലേക്ക് മടങ്ങി വരാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. മന്ത്രിസ്ഥാനം തീരുമാനിക്കേണ്ടത് എന്‍സിപിയും എല്‍ഡിഎഫുമാണെന്നും കാനം പറഞ്ഞു. 

ഫോണ്‍ കെണി കേസില്‍ കുറ്റവിമുക്തനായതോടെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുന്നതിന് തടസ്സമില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ടി പി പീതാംബരനും വ്യക്തമാക്കി. സാഹചര്യം കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്നും പാർട്ടിയിൽ അഭിപ്രായവ്യത്യാസമില്ലെന്നും പീതാംബരന്‍ പറഞ്ഞു. 

തിരുവനന്തപുരം സിജെഎം കോടതിയാണ് ഫോണ്‍കെണി കേസില്‍ എ കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്. ശശീന്ദ്രനെതിരെ തെളിവില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്ന് വിധിച്ചത്. പരാതിക്കാരി ആരോപണം ശരിവച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു