ചാരക്കേസ് എന്ന കെട്ടുക്കഥയെ തകര്‍ത്ത് വാര്‍ത്താവതരണത്തില്‍ ഉജ്വലമായ ഒരു അധ്യായമാണ് ഏഷ്യാനെറ്റ് അവശേഷിപ്പിച്ചത്

ഐഎസ്ആര്‍ഒ ചാരക്കേസ് സംബന്ധിച്ച് അന്ന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കി ഏഷ്യാനെറ്റ് സ്ഥാപകനും ഏഷ്യന്‍ സ്കൂള്‍ ഓഫ് ജേര്‍ണലിസം ചെയര്‍മാനുമായ ശശികുമാറിന്‍റെ കുറിപ്പ്. ചാരക്കേസില്‍ നമ്പി നാരായണന് അനുകൂലമായി വന്ന കോടതി വിധിക്ക് ശേഷമാണ് പ്രതികരണവുമായി ശശികുമാര്‍ എത്തിയിരിക്കുന്നത്.

ഏഷ്യനെറ്റിന്‍റെ തുടക്കകാലത്ത് ശശികുമാറിന്‍റെ നേതൃത്വത്തില്‍ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന നിലപാടുകളും വാര്‍ത്തളുമാണ് ചെയ്തിരുന്നത്. കേരള പൊലീസിലെ നിക്ഷിപ്ത താത്പര്യക്കാര്‍ നമ്പി നാരായണനെതിരെ നടത്തിയ ഹീനമായ വേട്ടക്കെതിരെ സുപ്രീം കോടതി വിധി പറഞ്ഞിരിക്കുന്നവെന്ന് പറഞ്ഞാണ് ശശികുമാര്‍ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്.

അദ്ദേഹത്തെ വേട്ടയാടിയ ഇന്‍സ്പെക്ടര്‍ എസ്. വിജയന്‍, മേലുദ്യോഗസ്ഥരായ സിബി മാത്യൂസ്, കുട്ടാളി ഡിവെെഎസ്പി ജോഷ്വ എന്നിവരെ പോലുള്ളവര്‍ വലിയ മുറിവുകളാണ് നമ്പി നാരായണനില്‍ ഉണ്ടാക്കിയത്. വലിയ സാധ്യതകളുണ്ടായിരുന്ന ഒരു ശാസ്ത്രജ്ഞനെ അവര്‍ നശിപ്പിച്ചതായും ശശികുമാര്‍ കുറിക്കുന്നു.

നീതിയെ പിന്നെയും കൊഞ്ഞനം കുത്തുന്നത് പോലെയാണ് അവര്‍ സ്വതന്ത്രമായി വിഹരിക്കുന്നു എന്നുള്ളത്. കേരളത്തിലെയും ഇന്ത്യയിലെയും ജനതയുടെ മേല്‍ കൊണ്ട് വന്നിറക്കിയ ആ മഹാ വങ്കത്തരത്തെ അങ്ങനെ തന്നെ വിളിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു.

അതിന് 1990കളുടെ പകുതിയിലുണ്ടായിരുന്ന ഏഷ്യാനെറ്റിലെ ഓരോ അംഗവുമായും ഈ അഭിമാനം പങ്കുവെയ്ക്കുന്നു. കഥയിലെ കാപട്യം അറിഞ്ഞ് വാര്‍ത്തകള്‍ നല്‍കാന്‍ അന്ന് ഏഷ്യനെറ്റിന് സാധിച്ചു. ചാനലില്‍ ധെെര്യപൂര്‍വം വിളിച്ച് പറയാന്‍ മടിയില്ലാതിരുന്ന മാധ്യമപ്രവര്‍ത്തനത്തിലെ നീതിയെക്കുറിച്ച് ധാരണയുള്ള നീലനായിരുന്നു അന്ന് വാര്‍ത്ത സംഘത്തിന്‍റെ തലവന്‍.

ചീഫ് എഡിറ്റര്‍ എന്ന നിലയില്‍ ഞാന്‍ അന്ന് ആശ്രയിച്ചിരുന്ന ബാബു ഭാസ്കറും പോള്‍ സക്കറിയയും ചാരക്കഥയെ വാര്‍ത്തയാക്കി പ്രചരിപ്പിക്കുന്നതിനെതിരെ നിലപാടുകളെടുക്കാന്‍ സഹായിച്ചു. ചാനലിന്‍റെ ഉപദേഷ്ടാവും കണ്ണാടി എന്ന പരിപാടി അവതരിപ്പിക്കുകയും ചെയ്തിരുന്ന ടി.എന്‍. ഗോപകുമാര്‍ അദ്ദേഹത്തന്‍റെ പരിപാടിയില്‍ വിഷയം ഉള്‍പ്പെടുത്തി.

എങ്കിലും ആരോപണങ്ങള്‍ ശരിയല്ലെന്നുള്ള ഞങ്ങളുടെ ധാരണ തെറ്റിയാല്‍ എന്ത് സംഭവിക്കുമെന്നതിനെ കുറിച്ച് എനിക്ക് ആശങ്കകുകളുണ്ടായിരുന്നു. 1996ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയ ശേഷം സിബിഐ കഴമ്പില്ല എന്ന് കണ്ടെത്തിയ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കേസ് വീണ്ടും തുറന്നു. 

മാനനഷ്ട കേസ് നല്‍കുമെന്ന് പറഞ്ഞ് പൊലീസ് ഞങ്ങളെ ഭീഷണിപ്പെടുത്തി. എന്നാല്‍, ചാരക്കേസ് കെട്ടിച്ചമച്ച കള്ളക്കഥയാണെന്ന പ്രത്യക്ഷമായ വാദമാണ് ഞങ്ങള്‍ ഉയര്‍ത്തിയത്. പൊലീസിലെ ചിലര്‍ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അന്നത്തെ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരെ കണ്ട് മനസിലാക്കിപ്പിക്കാനും ശ്രമിച്ചു.

എന്നാല്‍, ചാരവൃത്തി നടന്നതായും അത് തെളിയിക്കണമെന്നും പൊലീസ് കരുതുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. മുന്‍കരുതലായി മാനനഷ്ട കേസില്‍ എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

പോള്‍ സക്കറിയ ആയിരുന്നു ജാമ്യക്കാരന്‍. അന്ന് ജാമ്യത്തിന് അപേക്ഷിച്ച ദിവസം പ്രതിക്കൂട്ടില്‍ മറിയം റഷീദയും ഫൗസിയയുമുണ്ടായിരുന്നു. അന്ന് എനിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. ചാരക്കേസ് എന്ന കെട്ടുക്കഥയെ തകര്‍ത്ത് വാര്‍ത്താവതരണത്തില്‍ ഉജ്വലമായ ഒരു അധ്യായമാണ് ഏഷ്യാനെറ്റ് അവശേഷിപ്പിച്ചത്.

നമ്പി നാരായണനുമായി നീലന്‍ അന്ന് അഭിമുഖം നടത്തി. മറിയം റഷീദയുമായി ഡയാന സില്‍വസ്റ്ററും. പ്രകാശം നിറഞ്ഞ പാത കഴിഞ്ഞ കാലങ്ങളില്‍ തെളിച്ച് നല്‍കിയവര്‍ക്ക് മുഷ്ടി ചുരുട്ടി അഭിവാദ്യം അര്‍പ്പിക്കുന്നുവെന്നും ശശി കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.